CrimeNEWS

ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, നാട്ടുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; താമ്പരത്ത് 2 പേര്‍ പിടിയില്‍

ചെന്നൈ: ചെന്നൈ താംബരത്ത് ബൈക്കിലെത്തിയ അക്രമികൾ നാട്ടുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസെത്തിയതോടെ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് അക്രമികൾ പൊലീസിന്‍റെ പിടിയിലായി. മറ്റൊരാളെ കൊല്ലാനെത്തിയതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ താംബരം സേലയൂർ മുതലമ്മൻ തെരുവിലാണ് ആറ് ബൈക്കുകളിലെത്തിയ അക്രമികൾ ഭീകരാന്തരീക്ഷമുണ്ടാക്കിയത്. നാട്ടുകാരനായ കൃഷ്ണമൂർത്തിയോട് ഒരാളുടെ ഫൊട്ടോ കാണിച്ച ശേഷം ഗുണ്ടാസംഘം ആളെ അറിയുമോ എന്നന്വേഷിച്ചു. അറിയില്ലെന്ന് പറഞ്ഞതും സംഘത്തിലൊരാൾ പ്രകോപിതനായി കത്തിയെടുത്ത് കൃഷ്ണമൂർത്തിയെ കുത്തുകയായിരുന്നു. ഇതിന് ശേഷം ആയുധങ്ങളുമായി തെരുവിലിറങ്ങി നാട്ടുകാരെ ഇവർ ഭീഷണിപ്പെടുത്തി. സേലിയൂർ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം വന്ന ബൈക്കുകളിൽ രക്ഷപ്പട്ടു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഘത്തെ തിരിച്ചറിഞ്ഞ പൊലീസ് താംബരം സ്വദേശികൾ തന്നെയായ രാജ്മോഹൻ, വിഘ്നേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ വിഘ്നേഷ് ഇവിടെ വാഹനാപകടം ഉണ്ടാക്കിയിരുന്നു. നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും മർദിക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനെന്ന് അവർ കരുതുന്ന യുവാവിനെ തെരഞ്ഞെത്തിയതായിരുന്നു സംഘം. ഇയാളെ കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞുവന്നയാളെ കിട്ടാത്ത ദേഷ്യത്തിൽ കിട്ടിയ ആളെ കുത്തുകയായിരുന്നു. അറസ്റ്റിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു. ശേഷിക്കുന്ന പത്ത് പേർക്കായി തെരച്ചിൽ തുടരുകയാണ്.

Back to top button
error: