NEWSWorld

ലോകത്തിലെ ഏറ്റവും വലിയ അംബരചുംബിയായ സൗധം സൗദിയില്‍ ഉയരാന്‍ പോകുന്നു, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതി; ചെലവ് 500 ബില്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  കെട്ടിടം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, ബുർജ് ഖലീഫ…!  യു.എ.ഇയിലെ ദുബൈയിൽ സ്ഥിതി ചെയ്യുന്ന ഈ അംബരചുംബിയുടെ ഉയരം 829.8 മീറ്ററാണ് (അര മൈലിൽ കൂടുതൽ). മൂന്നു വർഷവും ഒമ്പത് മാസവും കൊണ്ട് നിർമ്മാണം പൂർത്തിയായ ബുർജ് ഖലീഫയുടെ ആകെ ചെലവ് 1.5 ബില്യൺ അമേരിക്കൻ ഡോളറാണ്.

ബുർജ് ഖലീഫയുടെ ആ ഔന്നിത്യം ഏറെ വൈകാതെ നഷ്ടപ്പെട്ടേക്കും. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ഇനി സൗദി അറേബ്യയില്‍ ഉയരാന്‍ പോകുന്നു . രാജ്യത്തെ ആള്‍താമസം കുറഞ്ഞ ചെങ്കടല്‍ തീരത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിര്‍മിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ചെങ്കടല്‍ തീരത്ത് 500 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സൗദി കെട്ടിടം നിര്‍മ്മിക്കുക.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിര്‍മാണം പൂര്‍ത്തിയായാല്‍ കാഴ്ചയുടെ അത്ഭുതങ്ങള്‍ ഒളിപ്പിച്ച പടുകൂറ്റന്‍ കെട്ടിടമായിരിക്കും സൗദിയിലെ അംബരചുംബി. ലോകത്തെ മറ്റു കെട്ടിടങ്ങളെക്കാള്‍ വളരെ വലുതായിരിക്കും ഇരട്ടഗോപുരം.

നിയോം പദ്ധതിയുടെ ഭാഗമായി ചെങ്കടല്‍ തീരത്ത് ഭൂമിക്കടിയിലൂടെയുള്ള ഹൈപ്പര്‍-സ്പീഡ് റെയില്‍ പദ്ധതിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി അത്യാധുനിക ബദല്‍ മാര്‍ഗങ്ങളായിരുന്നു നിയോമില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഇതില്‍നിന്ന് വ്യത്യസ്തമായാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇവിടെ ഉയരുമെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വലിയതോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് എണ്ണ വില്‍പ്പനയ്ക്ക് പുറമേ മറ്റൊരു വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ബുര്‍ജ് ഖലീഫയേക്കാൾ ഉയരമേറിയ കെട്ടിടം ജിദ്ദയില്‍ നിര്‍മിക്കുമെന്ന് നേരത്തെ സൗദി രാജകുമാരനായ അല്‍വലീദ് ബിന്‍ തലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണം ഭാഗികമായി മാത്രമേ പൂര്‍ത്തിയായുള്ളു.

Back to top button
error: