NEWS

ഹാജർ തെറ്റിക്കാതെ ഇത്തവണയും മഴ

പത്തനംതിട്ട : സ്കൂൾ തുറക്കുമ്പോൾ മറ്റാരേക്കാളും ആദ്യം ഹാജർ വയ്ക്കുന്ന പതിവ് മഴ ഇത്തവണയും തെറ്റിച്ചില്ല.രണ്ടു ദിവസമായി മാറി നിന്ന മഴ ഇന്ന് രാവിലെ ആദ്യമായി സ്കൂളിൽ പോകുന്നവന്റെ ചിണുങ്ങലോടെ സംസ്ഥാനത്തിന്റെ ചിലയിടങ്ങളിലെങ്കിലും സാന്നിധ്യം അറിയിച്ചു കടന്നു പോയി.
പണ്ട് സ്‌കൂള്‍ തുറക്കുന്ന ദിവസം,​ അതുവരെ തെളിഞ്ഞു നിന്ന മാനം പെട്ടെന്നങ്ങ് മൂടിക്കെട്ടും.സ്വിച്ചിട്ട പോലെ ഇരച്ചുവരും മഴ.പുത്തനുടുപ്പിട്ടവരെയും പഴയ ഉടുപ്പിട്ടവരെയും കുളിപ്പിച്ചേ അടങ്ങൂ. കുടയില്ലാത്തവര്‍ പുസ്തകക്കെട്ട് ഉടുപ്പിനകത്താക്കി ഓടും.
കുടയുള്ളവര്‍ക്ക് തുറക്കാന്‍ സമയം കിട്ടില്ല.ഇപ്പോള്‍ മഴയെ തോല്‍പ്പിക്കാന്‍ ഞെക്കിയാല്‍ പൊട്ടിവിടരുന്ന മഴവില്‍ക്കുടകളുണ്ട്.പണ്ട് കുട ഇല്ലാത്തവര്‍ക്ക് മഴയില്‍ ചേമ്ബിലയും വാഴയിലയും തന്നെ ശരണം.

സ്‌കൂള്‍ ബസൊന്നും ഇല്ല. ഇടവഴിയിലൂടെയും വയല്‍ വരമ്ബിലൂടെയും തോട്ടിലൂടെയും നടന്നും ഓടിയുമാണ് പോക്ക്.കാലുകൊണ്ട് വെള്ളം തെറ്റി കൂട്ടുകാരെ കുളിപ്പിക്കുന്ന കുസ‌ൃതി. തോട്ടിലെ മാനത്തുകണ്ണികളെ പിടിച്ച്‌ കുപ്പിയിലിട്ട് നടക്കുന്ന സന്തോഷം.

മഴ തോര്‍ന്ന് നില്‍ക്കുമ്ബോള്‍ കൂട്ടുകാരനെ സൂത്രത്തില്‍ മരച്ചോട്ടില്‍ കൊണ്ട് നിറുത്തിയിട്ട് ചില്ല പിടിച്ച്‌ കുലുക്കും.നനഞ്ഞ കൂട്ടുകാരന്‍ തല്ലാന്‍ ഓടിക്കുമ്ബോള്‍ ആ‌ര്‍ത്ത് ചിരിച്ച്‌ ഓട്ടം. ബട്ടണ്‍ പൊട്ടിയ നിക്കര്‍ ഊര്‍ന്ന് വീഴുമ്ബോള്‍ മുഴങ്ങുന്ന പൊട്ടിച്ചിരികള്‍. സ്കൂളിന്റെ അരഭിത്തിക്കപ്പുറം മഴയുടെ കിറുക്കൻ ചേഷ്ടകൾ നോക്കിയിരിക്കെ തുടപ്പുറത്ത് വന്നുവീണ അടികൾ !!

 

 

ചന്നംപിന്നം പെയ്യുന്ന മഴയിൽ മറക്കുടയും ചൂടി പാടത്ത് പണിയെടുക്കുന്ന കർഷകർ.അവർക്കിടയിലൂടെ പരൽ മീനുകളെപ്പോലെ തെന്നിമാറുന്ന താറാവിൻ കൂട്ടങ്ങൾ.ഒരു പ്രവേശനോത്സവത്തിനും തരാൻ കഴിയാത്ത എത്രയെത്ര കാഴ്ചകളാൽ സമ്പന്നമ്മായിരുന്നു അക്കാലം!!!

Back to top button
error: