IndiaNEWS

സൗരോർജ്ജ തെരുവ് വിളക്കുകളിൽ റെക്കോഡിടാൻ ബിഹാർ; കൈകോർത്ത് ലോഡ്‌സ് മാര്‍ക്‌സും ഫിലിപ്‌സും

കൊച്ചി: ബിഹാറിലെ തെരുവു വിളക്കുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറും. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും ബൃഹത്തായ സോളാര്‍ പദ്ധതി പ്രമുഖ കമ്പനികളായ ഫിലിപ്‌സും ലോഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് യാഥാർത്ഥ്യമാക്കുന്നത്. 900 കോടി രൂപയുടെ പദ്ധതിയിലൂടെ ആദ്യ വര്‍ഷം ഒരു ലക്ഷം സോളാര്‍ തെരുവു വിളക്കുകൾ സ്ഥാപിക്കും.

അടുത്ത രണ്ടു വര്‍ഷങ്ങളില്‍ രണ്ടു ലക്ഷം സോളാര്‍ വിളക്കുകളും സ്ഥാപിക്കും. ബിഹാര്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഇതോടെ ഏറ്റവും വലിയ സൗരോര്‍ജ്ജ തെരുവിളക്കു ശൃംഖലയുള്ള ഇന്ത്യന്‍ സംസ്ഥാനമായി ബിഹാര്‍ മാറും. ഓരോ വിളക്കുകാലിലും സിം കാര്‍ഡുള്ള ബോക്‌സും അതിലെ വിവര ശേഖരണത്തിന് കേന്ദ്രീകൃത സംവിധാനവും ഉണ്ടായിരിക്കും.

സംസ്ഥാനത്ത് ഏതെങ്കിലും വിളക്കുകള്‍ കത്താതിരിക്കുകയോ കേടു വരികയോ ചെയ്താല്‍ അപ്പപ്പോള്‍ തന്നെ വിവരം ലഭിക്കാനാണിത്. തെരുവു വിളക്ക് പദ്ധതി ഹരിത വാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ലോർഡ്സ് മാർക്സ് സ്ഥാപകൻ സച്ചിദാനന്ദ് ഉപാധ്യായ പറഞ്ഞു.

രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം 26.5 ശതമാനം ആണ്. സൗരോര്‍ജ്ജം യൂണിറ്റിന് 1.99 രൂപയ്ക്ക് ലഭ്യമാകുന്ന ഇന്ത്യയാണ് ഈയിനത്തില്‍ ഏറ്റവും ചെലവു കുറഞ്ഞ രാജ്യം. കഴിഞ്ഞ ഏഴു വര്‍ഷത്തിനകം രാജ്യത്തെ സൗരോര്‍ജ്ജ ശേഷി 2.6 ജിഗാവാട്ടില്‍ നിന്ന് 46 ജിഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: