രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം ഉടനെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ.ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
‘ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും’–മന്ത്രി കൂട്ടിച്ചേർത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്.നിർബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവൽക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അന്നു പറഞ്ഞു.ഏപ്രിൽ 22നായിരുന്നു ഇത്.
ഒരു മാസത്തിനിപ്പുറം ബിജെപി മന്ത്രി തന്നെ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച നിയമം കൊണ്ടു വരുമെന്നു പറയുമ്പോൾ, വരുംനാളുകളിൽ വിഷയം ചൂടേറിയ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version