കുവൈത്തിലെ പമ്പുകളില്‍ ഇനി സ്വയം ഇന്ധനം നിറയ്‍ക്കണം; സൗജന്യ സേവനം അവസാനിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറച്ചു നല്‍കുന്ന സേവനത്തിന് ഇനി പണം നല്‍കണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികള്‍ പ്രവര്‍ത്തന രീതി മാറ്റുന്നത്. വാഹനത്തിലുള്ളവര്‍ തന്നെ ഇറങ്ങി ഇന്ധനം നിറയ്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പമ്പുകള്‍.

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പലയിടങ്ങളിലും വലിയ തിരക്കുകള്‍ക്ക് കാരണമാവുകയും ചെയ്‍തു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഇന്ധനം നിറച്ചുനല്‍കണമെങ്കില്‍ 200 ഫില്‍സ് ഫീസ് ഈടാക്കുമെന്നാണ് ഔല ഫ്യുവര്‍ മാര്‍ക്കറ്റിങ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ സ്വയം ഇന്ധനം നിറയ്‍ക്കുന്ന സെല്‍ഫ് സര്‍വീസ് സംവിധാനം ചില പമ്പുകളില്‍ തുടങ്ങിയതായി ഔല ചെയര്‍മാന്‍ അബ്‍ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു.

സെല്‍ഫ് സര്‍വീസ് രീതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും പമ്പുകളില്‍ ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സ്‍ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്ക് കമ്പനി പ്രത്യേകം സ്റ്റിക്കറുകള്‍ നല്‍കും. ഇവര്‍ക്ക് അധിക ഫീസ് കൊടുക്കാതെ ജീവനക്കാരുടെ സേവനം പമ്പുകളില്‍ ലഭ്യമാവുകയും ചെയ്യും.

സെല്‍ഫ് സര്‍വീസ് സംവിധാനമുള്‍പ്പെടെയുള്ള ഇപ്പോഴത്തെ നടപടികള്‍ താത്കാലികമാണെന്നും ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കമ്പനിയുടെ കീഴിലുള്ള നിരവധി പമ്പുകളില്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജീവനക്കാരുടെ എണ്ണം 850ല്‍ നിന്ന് 350 ആയി കുറഞ്ഞുവെന്നും ഇത് കാരണം പല പമ്പുകളും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version