കൊല്ലത്ത് കെ.എസ്.ആർ.ടി.സി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അൻപതിലധികം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കൊല്ലം:  കടയ്ക്കൽ മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അൻപതിലധികം പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടുകൂടിയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിനു പിന്നാലെ ബസിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.തെന്മല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് മടത്തറയിലെ അപകടവളവിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി വേണാട് ബസിൽ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരിൽ 41 പേരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ 15 പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അരിപ്പ സ്വദേശി 24-കാരിയായ ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവർ ഇപ്പോൾ ട്രാൻസിസ്റ്റ് ഐസിയുവിലാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version