അംബരീഷിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ക്ലാര സുമലത

‘തൂവാനത്തുമ്പിക’ളിലെ ക്ലാരയായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് സുമലത. നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, ഇസബെല്ല, താഴ്‌വാരം തുടങ്ങിയ ചിത്രങ്ങളിലെ സുമലതയുടെ കഥാപാത്രങ്ങള്‍ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല.

മലയാളത്തിലെ തിരക്കേറിയ നായികമാരിലൊരാള്‍ കൂടിയായ സുമലത പിന്നീട് അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ മുന്‍നിരതാരമായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭര്‍ത്താവ്.

സിനിമയില്‍ തിളങ്ങിനിന്ന കാലത്തായിരുന്നു സുമലതയുമായുള്ള അംബരീഷിന്റെ വിവാഹം. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. സുമലതയുമായുള്ള വിവാഹത്തിന് അംബരീഷിന്റെ വീട്ടുകാരും അടുത്ത സുഹൃത്തുക്കളുമൊക്കെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും ഇതെന്നായിരുന്നു ജോത്സ്യന്മാരുടെ പ്രവചനം. പ്രതിസന്ധികളെ അവഗണിച്ച്‌ ഇരുവരും ഒന്നിക്കുകയായിരുന്നു. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയുള്ള വളരെ മനോഹരമായ ജീവിതമായിരുന്നു ഇരുവരുടേതും.
സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്ന അംബരീഷ് 2018 നവംബര്‍ 27 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു.

അംബരീഷിന്റെ വിടവാങ്ങലിന് ശേഷം സുമലത അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. അംബരീഷിന്റെ പിറന്നാള്‍ ദിനത്തിൽ പ്രിയതമനെക്കുറിച്ച്‌ സുമലത എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

സ്മരണകളിരമ്പുന്ന ഓർമക്കുറിപ്പ്

“ആകാശത്തിന് അതിരുകളില്ല, അംബരീഷ് എന്നാല്‍ ആകാശത്തിന്റെ നാഥന്‍ എന്നാണര്‍ത്ഥം. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തിന് അതിരുകളില്ലായിരുന്നു. മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് നിങ്ങള്‍ ഞങ്ങളെയെല്ലാം വിട്ടുപോയത്. സന്തോഷത്തിന്റെ ഒരു ജീവിതകാലം, ഒപ്പം പരിധിയില്ലാത്ത സ്‌നേഹവും. എക്കാലത്തെയും വലിയ ഹൃദയമുള്ള മനുഷ്യന് 70 വയസ്സ് ഒരു ചെറിയ സംഖ്യയാണ്. എങ്കിലും നിങ്ങള്‍ എന്നെന്നും ജീവിക്കും. പിന്നെ എക്കാലവും പ്രായമില്ല അംബീ. എന്നേക്കും…”

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version