CrimeNEWS

സിദ്ദു മൂസേവാല വധം: ഗുണ്ട കുടിപ്പകയെന്ന് സ്ഥിരീകരിച്ച് പൊലീസ്, അക്രമികള്‍ സഞ്ചരിച്ച 2 വാഹനങ്ങള്‍ കണ്ടെത്തി

ദില്ലി: പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സ്ഥീരീകരിച്ച് പഞ്ചാബ് പൊലീസ്. പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് പൊലീസ് അറിയിച്ചു. ആക്രമികൾ സഞ്ചരിച്ച ദില്ലി രജിസ്ട്രേഷൻ കാറ് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ പൊലീസ് കണ്ടെത്തി. പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ചാണ് സിദ്ദു വെടിയേറ്റ് മരിച്ചത്.

എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൌണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന സംഭവത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. മരണത്തിന് ഉത്തരവാദി ആംആദ്മി സർക്കാരെന്ന് കോൺഗ്രസ് പ്രതികരിച്ചു. എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് ക്യാപ്റ്റൻ അമരീന്ദ്ര സിങ്ങ് പറഞ്ഞു. സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് അകാലിദൾ ആഞ്ഞടിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. തന്‍റെ പാട്ടുകളിലൂടെ തോക്കിനെയും അക്രമത്തെയും മഹത്വവല്‍ക്കരിച്ചു എന്നാരോപിച്ച് സിദ്ദു മൂസേവാലയ്ക്ക് എതിരെ കേസുകള്‍ നിലവിലുണ്ട്. വധ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് സുരക്ഷ പിൻവലിക്കാൻ സർക്കാർ എടുത്ത് തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

Back to top button
error: