IndiaNEWS

ജൂലൈയിൽ രാജ്യം വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന് റിപ്പോർട്ട്

ദില്ലി: ഇന്ത്യ വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോർട്ട്. ജൂലൈയിൽ ആയിരിക്കും അടുത്ത ഊർജ്ജ പ്രതിസന്ധി രാജ്യത്തെത്തുക എന്നാണ് സൂചന. രാജ്യത്തെ താപ വൈദ്യുത നിലയങ്ങളിൽ മൺസൂണിന് മുമ്പത്തെ കൽക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു ഊർജ്ജപ്രതിസന്ധി രാജ്യം നേരിടുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്താകെ 20.7 ദശലക്ഷം ടൺ കൽക്കരി ആണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്. വൈദ്യുത ഡിമാൻഡിൽ നേരിയ വർധന പോലും ഇപ്പോഴത്തെ നിലയിൽ രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് താങ്ങാനാവില്ല എന്നാണ് വിലയിരുത്തൽ. അതേസമയം ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ഉപഭോഗം 214 ഗിഗാ വാട്ട് യൂണിറ്റിൽ എത്തിച്ചേരുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ പറയുന്നത്. രാജ്യത്തെ സമീപകാലത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം ആയിരിക്കും ഇത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിലും വലിയ വർധനയാണ് ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 777 ദശലക്ഷം കൽക്കരി ആണ് ഇന്ത്യ ഉൽപ്പാദിപ്പിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ 718 ദശലക്ഷം ടണ്ണായിരുന്നു ഉൽപാദനം. ഇപ്പോൾ കൽക്കരി ഗതാഗതം വേഗത പ്രാപിച്ചില്ല എന്നുണ്ടെങ്കിൽ, അടുത്ത മാസങ്ങളിൽ രാജ്യത്തെ കൽക്കരി രംഗത്ത് കടുത്ത ക്ഷാമത്തിനുള്ള സാധ്യതകളാണ് കാണുന്നതെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Back to top button
error: