KeralaNEWS

ക്രിസ്ത്യാനികളെ ബി.ജെ.പി പിഡിപ്പിക്കുന്നില്ലെന്നു പി. സി ജോര്‍ജ്, ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

   വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മുമ്പാകെ ഹാജരാകാൻ കൂട്ടാക്കാതിരുന്ന പി സി ജോർജ് തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ച പി. സി ജോര്‍ജ് പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തൻ്റ അറസ്റ്റിനു പിന്നിലെന്ന് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു എഫ് ഐ ആർ പോലും ഉണ്ടാകുമായിരുന്നില്ലെന്നും ജോർജ് പറഞ്ഞു.

പിണറായിയുടേത് സ്റ്റാലിനിസമാണെന്ന് പറഞ്ഞ പി. സി ജോര്‍ജ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ നിലപാടാണെന്ന് ആവര്‍ത്തിച്ചു.

യു. ഡി. എഫിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്നത് സതീശന്‍ ആയിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാര്‍ പീഡിപ്പിക്കുന്നതു പോലെ ക്രിസ്ത്യാനികളെ ബി. ജെ. പി പിഡിപ്പിക്കുന്നില്ലെന്നും ബി.ജെ.പിക്കായി പ്രചാരണം നടത്താനെത്തിയ പി. സി ജോര്‍ജ് പറഞ്ഞു.

ഇതേ സമയം ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ തുറന്നടിച്ചു.

പി സി ജോര്‍ജ് ക്രൈസ്തവ സമുദായത്തിന്റെ ചാംപ്യനാകേണ്ടെന്നും ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

‘ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ല. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘ് പരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണെന്നും വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടതെന്നും തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു.

Back to top button
error: