IndiaNEWS

കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം

കൽക്കരി പ്രതിസന്ധിയിൽ നടപടിയുമായി കേന്ദ്രസർക്കാർ. കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം. വർഷങ്ങൾക്ക് ശേഷമാണ് കൽക്കരി ഇറക്കുമതിക്ക് കേന്ദ്രം തയ്യാറാകുന്നത്. നിലവിലെ ടെൻഡറുകൾ നിർത്തിവെക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി .ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് കൽക്കരി ക്ഷാമം പരിഹരിക്കാനുള്ള സർക്കാർ നടപടികൾ.

 

കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനായി വീണ്ടും കൽക്കരി ഇറക്കുമതിക്കുള്ള നിർദേശമാണ് കേന്ദ്രം കോൾ ഇന്ത്യക്ക് നൽകിയത്. 2015 ന് ശേഷം ആദ്യമായാണ് കോള്‍ ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത്. കല്‍ക്കരി ക്ഷാമം ഏപ്രില്‍ മാസത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള തീരുമാനം. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം ഏപ്രില്‍ മാസത്തില്‍ ഏകദേശം 13 ശതമാനമാണ് ഇടിഞ്ഞത്.

 

അതേസമയം, നേരത്തെ കല്‍ക്കരി സംഭരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഈ ടെന്‍ഡറുകളെല്ലാം നിര്‍ത്തി വെക്കാനാണ് ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ പ്രത്യേകമായി കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടന്നും കേന്ദ്രം വ്യക്തമാക്കി. ഉയരുന്ന വൈദ്യുതി ആവശ്യകതയാണ് ക്ഷാമത്തിന്റെ ആക്കം കൂട്ടുന്നത്. 38 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം നടന്ന വര്‍ഷമാണിത്. കല്‍ക്കരി ക്ഷാമം മൂലം 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഊർജ പ്രതിസന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

Back to top button
error: