NEWS

ചൈനീസ് വ്യോമസേനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോകത്ത് മൂന്നാമത്, ശക്തമായ മുന്നേറ്റം!

ന്യൂഡൽഹി: വേൾഡ് ഡയറക്‌ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) ന്റെ 2022 ലെ ഗ്ലോബൽ എയർ പവർ റാങ്കിങ്ങിൽ ഇന്ത്യൻ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മുന്നിലെത്തി.അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യൻ വ്യോമസേന ഉയർന്നു.ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ്, ഇസ്രയേലി എയർഫോഴ്‌സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയെയും ഇന്ത്യൻ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോൾ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, എൽസിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യൻ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോർട്ടിൽ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളിൽ ഒന്നായിമാറ്റുമെന്നാണ് റിപ്പോർട്ട്.
ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിന് (യുഎസ്എഎഫ്) ആണ് ഏറ്റവും ഉയർന്ന ടിവിആർ സ്കോർ (242.9 ), റഷ്യയുടെ ടിവിആർ സ്കോർ 114.2 ആണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യൻ വ്യോമസേനയുടെ ടിവിആർ സ്കോർ 69.4 ആണ്.

Back to top button
error: