ചെറുനഗരങ്ങൾ പിടിച്ചടക്കി റഷ്യൻ സേനാ മുന്നേറ്റം

കീവ്: കിഴക്കൻ യുക്രെയ്നിലെ ചെറുനഗരങ്ങൾ പിടിച്ചെടുത്ത് റഷ്യൻ സേന മുന്നേറ്റം തുടരുമ്പോൾ, പ്രശ്നത്തിനു നയതന്ത്ര പരിഹാരത്തിനു സന്നദ്ധമാകാൻ റഷ്യയോടു ജർമനിയും ഫ്രാൻസും അഭ്യർഥിച്ചു. കിഴക്കൻ ഡോൺബാസിൽ കനത്ത തെരുവുയുദ്ധം തുടരുന്ന സീവിയറോഡോണെറ്റ്സ്ക് നഗരത്തിനു സമീപമുള്ള ലിമൻ പട്ടണം പിടിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് മേഖലയിലെ റെയിൽവേ ഹബ്ബാണ്.

നാലാം മാസത്തിലേക്കു പ്രവേശിച്ച യുദ്ധത്തിൽ, ഡോൺബാസിലെ ലുഹാൻസ്ക് മേഖല മുഴുവനായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ട്. റഷ്യൻ അനുകൂല വിമതരും റഷ്യൻ സേനയ്ക്കൊപ്പം ചേർന്നാണ് പൊരുതുന്നത്. ലിമനിൽനിന്ന് 60 കിലോമീറ്റർ അകലെ ഡോൺബാസിലെ ഏറ്റവും വലിയ നഗരമായ സീവിയറോഡോണെറ്റ്സ്ക് വരും ദിവസങ്ങളിൽ വീഴുമെന്നാണു ബ്രിട്ടിഷ് ഇന്റലിജൻസിന്റെ കണക്കുകൂട്ടൽ. ഇവിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ 90% കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ഡോൺബാസിലെ പല പ്രദേശങ്ങളും നേരത്തേ തന്നെ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ 10,000 റഷ്യൻ സൈനികരാണു യുദ്ധമുഖത്തുള്ളത്.

വെടിനിർത്തലിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി 80 മിനിറ്റാണു ഫോണിൽ സംസാരിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ചർച്ച നടത്താനാണ് ഇരുവരും പുട്ടിനോട് ആവശ്യപ്പെട്ടത്. മരിയുപോളിലെ അസോവ്‌സ്റ്റാൾ ഉരുക്കുഫാക്ടറിയിൽ നിന്ന് യുദ്ധത്തടവുകാരായി പിടിച്ചവരെ വിട്ടയ്ക്കാനും അഭ്യർഥിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version