NEWSWorld

ഗോട്ടയോട് സന്ധിയില്ല; കൊളംബോ സമരം 50 നാൾ പിന്നിട്ടു

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ചു നിന്ന് സമരം ചെയ്യുന്നവർക്കു നേരെ പൊലീസിന്റെ ടിയർ ഗ്യാസ് ആക്രമണം. സമരത്തിന്റെ 50– ാം ദിവസത്തിലാണ് സേനയുടെ അപ്രതീക്ഷിത നടപടി. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും ഗോട്ടബയ മാറാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ.

ഫോർട്ടിലെ വേൾഡ് ട്രേഡ് സെന്ററിനു മുന്നിലെ സമരക്കാരെയാണ് പൊലീസ് നേരിട്ടത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫിസിനു മുന്നിലും സമരം നടക്കുന്നുണ്ട്. സമരത്തിന്റെ 50–ാം ദിനത്തിൽ കൂടുതൽ പേർ പിന്തുണയുമായി ഗോൾഫേസിലും മറ്റും എത്തിയിരുന്നു. അഭിഭാഷക സമൂഹത്തിന്റെ ശക്തമായ പിന്തുണയുള്ളതിനാൽ സമരത്തെ കായികമായി നേരിടേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. രാജപക്സെ അനുകൂലികൾ സമരക്കാരെ മർദിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾ സർക്കാരിനെ ഭയപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജാഫ്നയിലെ മത്സബന്ധന തൊഴിലാളികൾക്കായി ഇന്ത്യ 14,000 ലീറ്റർ മണ്ണെണ്ണ വിതരണം ചെയ്തു. മണ്ണെണ്ണ ക്ഷാമം മൂലം പല വള്ളങ്ങളും കടലിൽപ്പോകാത്ത അവസ്ഥയിലാണ്. ഇന്ത്യയിൽ നിന്ന് അരിയും പാൽപ്പൊടിയുമുൾപ്പെടെ അവശ്യസാധനങ്ങളുമായി കപ്പൽ കൊളംബോയിലെത്തി. ഇന്ത്യയുടെ സഹായത്തിന് പ്രധാനമന്ത്രി റനിൽ നന്ദി അറിയിച്ചു.

Back to top button
error: