KeralaNEWS

പിണറായി വിജയൻ ‘കടക്കൽ ചന്ദ്ര’നെ കാണാനെത്തി. കൂടിക്കാഴ്ച ‘കടക്കൽ ചന്ദ്ര’ൻ എന്ന കരുത്തനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിൽ. ഒപ്പം ജോൺബ്രിട്ടാസ് എം പിയും

  ‘കടക്കൽ ചന്ദ്ര’നെ കാണാൻ സാക്ഷാൽ പിണറായി വീട്ടിലെത്തി. പിണറായി വിജയൻ എന്ന കരുത്തനായ മുഖ്യമന്ത്രിയുടെ തനിപ്പകർപ്പായ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിനു ജീവൻ പകർന്ന മമ്മൂട്ടിയെ കാണാൻ മുഖ്യമന്തി പിണറായി വിജയൻ കടവന്ത്രയിലെ വീട്ടിലെത്തി. ജോണ്‍ ബ്രിട്ടാസ് എംപിയും ഒപ്പമുണ്ടായിരുന്നു. സാമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ച്‌ ജോണ്‍ ബ്രിട്ടാസാണ് ഇക്കാര്യം അറിയിച്ചത്. ‘ആതിഥേയത്വത്തിന് നന്ദി’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍, ആന്റോ ജോസഫ്, എസ്. ജോര്‍ജ് എന്നിവരും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രമേശ് പിഷാരടി എവിടെയെന്ന ചോദ്യമായാണ് കമന്‍റ് ബോക്സില്‍ ട്രോളന്മാര്‍ എത്തിയത്.

മമ്മൂട്ടിയും പിണറായി വിജയനും ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പിണറായി വിജയന്റെ ജന്മദിനത്തിന് ആശംസയുമായി മമ്മൂട്ടി എത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടി ആശംസ അറിയിച്ചത്.

തിയേറ്ററിലെത്തിയ അവസാന മമ്മൂട്ടി ചിത്രം ‘പുഴു’വാണ്. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. ശക്തമായ രാഷ്ട്രീയം പറയുന്ന ‘പുഴു’ വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

Back to top button
error: