യുപിയിൽ വീണ്ടും ഏറ്റുമുട്ടൽക്കൊല; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടകൾ കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗാസിയാബാദിൽ രണ്ട് ഗുണ്ടകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാകേഷ്, ബില്ലു എന്നിവരാണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇരുവരും.

ഇന്നലെ വൈകുന്നേരമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവന്നത്. പന്ത്രണ്ടോളം കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. ബില്ലുവിനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രാകേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഉത്തര്‍പ്രദേശ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇരട്ടക്കൊലപാതക കേസിലടക്കം ഇവര്‍ പ്രതികളാണ്.

രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. യു പി പൊലീസിന്‍റെ പ്രത്യേക സംഘം ഇവരെ പിടികൂടാനായി ഗാസിയാബാദിലെത്തിയപ്പോള്‍ ഇവര്‍ പൊലീസിന് നേരം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് നടന്ന, വെവ്വേറെ ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

യുപി തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുന്നു. കുറ്റവാളികളെ പൊലീസ് വെടിവച്ചുകൊന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version