NEWS

സമയ പുനക്രമീകരണത്തോടെ ടീ ഗാർഡൻ എക്സ്പ്രസ് സർവീസ് ആരംഭിക്കണം

കോട്ടയം വേളാങ്കണ്ണിക്ക് അടുത്തുള്ള കാരയ്ക്കലിൽ നിന്നും വൈകിട്ട് 4.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9മണിയോടെ കോട്ടയത്തെത്തുന്ന കാരയ്ക്കൽ-കോട്ടയം ടീ ഗാർഡൻ എക്സ്പ്രസ്സ് (ഈ ട്രെയിൻ എറണാകുളം-കോട്ടയം റൂട്ടിൽ പാസഞ്ചറാണ്) പിന്നീട് കോട്ടയത്തു നിന്നും പുറപ്പെടുന്നത് വൈകിട്ട് 5.10ന് മാത്രമാണ്.അതായത് എട്ടു മണിക്കൂറോളം ഈ ട്രെയിൻ കോട്ടയത്ത് വെറുതെ കിടക്കുകയാണെന്ന് അർത്ഥം ഈ സമയം ഉപയോഗപ്പെടുത്തിക്കൊണ്ട് ട്രെയിൻ കൊല്ലത്തേക്കോ പുനലൂരേക്കോ നീട്ടിയാൽ അത് നൂറുകണക്കിന് യാത്രക്കാർക്കു കൂടി  പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട.കൂടാതെ കോയമ്പത്തൂർ ഭാഗത്തു നിന്നും നാട്ടിലേക്കുള്ള രാത്രി യാത്രക്കാർക്കും വേളാങ്കണ്ണി,നാഗൂർ,ശബരിമല തീർത്ഥാടകർക്കും ഇത് ഒരുപോലെ ഉപകരിക്കുകയും ചെയ്യും.തിരികെ കാരയ്ക്കലിലേക്കുള്ള സർവീസ് സമയം പുന:ക്രമീകരിച്ചു (രാവിലെ അഞ്ചു മണിക്കോ ആറുമണിക്കോ കോയമ്പത്തൂർ എത്തുന്ന വിധം) ഓടിച്ചാൽ അതും നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.
നിലവിൽ വെള്ളിയാഴ്ചകളിൽ മാത്രമുള്ള കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ്സ് ആണ് കോട്ടയത്തു നിന്നും കോയമ്പത്തൂർ ഭാഗത്തേക്കുള്ള ഏക രാത്രി ട്രെയിൻ.ബാക്കിയെല്ലാം അർദ്ധരാത്രിയോടെയോ അതിന് മുമ്പായോ കോയമ്പത്തൂർ കടന്നു പോകുന്നവയായതിനാൽ ഭൂരിപക്ഷം യാത്രക്കാർക്കും ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും കിട്ടുന്നതുമില്ല.
        മധ്യതിരുവിതാംകൂറിൽ നിന്നു മാത്രം നൂറുകണക്കിന് ആളുകളാണ് ഉപരിപഠനത്തിനും ജോലിയ്ക്കും മറ്റുമായി കോയമ്പത്തൂർ, ഈറോഡ്, തഞ്ചാവൂർ ഭാഗങ്ങളിൽ ഉള്ളത്.രാത്രിയിൽ പുറപ്പെട്ട് രാവിലെ കോയമ്പത്തൂരിലും ഈറോഡിലുമൊക്കെ എത്തിച്ചേരത്തക്കവിധത്തിലുള്ള ട്രെയിൻ സർവീസുകളാണ് ഇവർക്ക് ആവശ്യം.സമയത്തിന് ട്രെയിൻ സൗകര്യം ഇല്ലാത്തതിനാൽ കൂടുതൽ പേരും അമിത ചാർജ് നൽകി സ്വകാര്യ ബസ്സുകളെയാണ് നിലവിൽ ആശ്രയിച്ചുപോരുന്നത്.
എറണാകുളം–കോട്ടയം–കായംകുളം സെക്‌ഷനിൽ രണ്ടാം പാത നിർമാണം പൂർത്തിയായതിനാൽ കൂടുതൽ ട്രെയിനുകൾ തെക്കൻ മേഖലകളിലേക്ക് ദീർഘിപ്പിക്കുന്നതിന് ഇപ്പോൾ മറ്റ് തടസ്സങ്ങളുമില്ല.
ലോക്ഡൗൺ കാലത്തിനു ശേഷം ഇപ്പോൾ പല ട്രെയിനുകളും സമയം പുനക്രമീകരിച്ചു കൊണ്ട് സർവീസ് ആരംഭിച്ചിട്ടുണ്ട്.അധികാരികൾ ഇക്കാര്യത്തിലും വേണ്ട ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷ.

Back to top button
error: