ബിപിസിഎല്ലിന്റെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി; വാങ്ങാന്‍ ആളില്ല

ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരി വില്‍പന നീക്കം പരാജയം. ഓഹരി വില്‍പനയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. കമ്പനിയില്‍ സര്‍ക്കാറിനുള്ള 52.98 ശതമാനം ഓഹരി വാങ്ങാന്‍ ആരും താല്‍പര്യപ്പെടാത്ത സാഹചര്യത്തെതുടര്‍ന്നാണ് നീക്കം. കോവിഡും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും വിപണിയില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയാണ് മറ്റൊരു കാരണം. ഓഹരി വില്‍പന നടപടി അവസാനിപ്പിക്കാന്‍ തീരുമാനിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശപ്രകാരം താല്‍പര്യ പത്രങ്ങള്‍ റദ്ദാക്കി.

കൊച്ചി റിഫൈനറിയിലും മറ്റും സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരം അവഗണിച്ച് മുന്നോട്ടുപോയ ശേഷമാണ് പുതിയ തീരുമാനം. എന്നാല്‍ ബിപിസിഎല്ലിന്റെ ഓഹരി വില്‍പന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. ആഗോള മാന്ദ്യം മൂലം സമീപ വര്‍ഷങ്ങളില്‍ ഓഹരി വില്‍പനക്ക് വെക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് മാത്രം.

2020 മാര്‍ച്ചില്‍ തുടങ്ങിയ ബിപിസിഎല്‍ സ്വകാര്യവത്കരണം പാളിയതോടെ, സര്‍ക്കാറിന്റെ ധനസമാഹരണ ലക്ഷ്യവും താളം തെറ്റി. 52.98 ശതമാനം ഓഹരി വില്‍ക്കാനുള്ള വാഗ്ദാനം പിന്‍വലിക്കുന്നതായി കേന്ദ്ര നിക്ഷേപ-പൊതുസ്വത്ത് നിര്‍വഹണ വിഭാഗമായ ‘ഡിപാം’ ഔപചാരികമായി അറിയിച്ചു.

കോവിഡും മറ്റ് സാഹചര്യങ്ങളും വ്യവസായങ്ങളെ, പ്രത്യേകിച്ച് എണ്ണ-വാതക വ്യവസായത്തെ ആഗോള തലത്തില്‍ ബാധിച്ചിരിക്കുകയാണെന്ന് പ്രസ്താവനയില്‍ വിശദീകരിച്ചു. ഓഹരി ഏറ്റെടുക്കാന്‍ യോഗ്യത നേടിയ കമ്പനികള്‍ തുടര്‍ നടപടികള്‍ക്ക് കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അതനുസരിച്ച് ഇവരുടെ താല്‍പര്യ പത്രങ്ങള്‍ റദ്ദാക്കി. സാഹചര്യങ്ങള്‍ പുനഃപരിശോധിച്ച ശേഷം ഓഹരി വില്‍പന നടപടികള്‍ യുക്തമായ സമയത്ത് പുനരാരംഭിക്കുമെന്നും ‘ഡിപാം’ വ്യക്തമാക്കി.

2020 മാര്‍ച്ചില്‍ സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചതിനെ തുടര്‍ന്ന് ചില കമ്പനികള്‍ മുന്നോട്ടുവന്നെങ്കിലും ഇന്ധനവില സംബന്ധിച്ച അവ്യക്തതമൂലം രണ്ടു കമ്പനികള്‍ പിന്‍വലിഞ്ഞു. ഖനനരംഗത്തെ അതികായരായ വേദാന്ത ഗ്രൂപ്, അമേരിക്കന്‍ ഫണ്ട് മാനേജര്‍മാരായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, ഐ സ്‌ക്വയേര്‍ഡ് കാപിറ്റല്‍ അഡൈ്വസേഴ്‌സ് എന്നിവയാണ് താല്‍പര്യപത്രം നല്‍കിയത്. ആഗോള നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്കന്‍ ഫണ്ട് മാനേജര്‍മാര്‍ അറിയിച്ചതോടെ വേദാന്ത മാത്രം അവശേഷിച്ചു. ഒരു കമ്പനിയെ മാത്രമായി ലേല നടപടികള്‍ക്ക് പരിഗണിക്കാനാവില്ല. ഇതോടെ ലേല നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version