IndiaNEWS

കൊച്ചു മകളോട് ലൈംഗികമായി പെരുമാറിയെന്ന് മരുമകളുടെ പരാതി, നാട്ടുകാരും പോലീസും കണ്ടുനിൽക്കെ ഉത്തരാഖണ്ഡ് മുൻ മന്ത്രി നെഞ്ചിലേക്ക് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

  ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ മുന്‍മന്ത്രിയും പ്രമുഖ യൂണിയന്‍ നേതാവുമായ രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. കൊച്ചുമകളോട് ലൈംഗീകമായി പെരുമാറിയെന്ന് ആരോപിച്ച്‌ മരുമകള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ. സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു.

59കാരനായ ബഹുഗുണ, ഹല്‍ദ്‌വാനിയിലെ വീട്ടില്‍ നിന്ന് 112 എന്ന എമര്‍ജന്‍സി നംപറില്‍ വിളിച്ച്‌ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് അറിയിച്ചു. പൊലീസ് വന്നപ്പോള്‍, സ്വയം വെടിവയ്ക്കുമെന്ന് പറഞ്ഞ് ബഹുഗുണ വെള്ളത്തിന്‍റെ ടാങ്കിന് മുകളില്‍ കയറുകയായിരുന്നു. അയല്‍വാസികളുടെ മുന്‍പില്‍ വെച്ചായിരുന്നു സംഭവം.

പൊലീസ് ഉച്ചഭാഷിണിയിലൂടെ ബഹുഗുണയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ അദ്ദേഹം ഇറങ്ങിവരുമെന്ന് തോന്നി. എന്നാല്‍ പെട്ടെന്ന് നെഞ്ചില്‍ സ്വയം വെടിയുതിര്‍ത്ത ബഹുഗുണ, സംഭവ സ്ഥലത്തു തന്നെ മരിച്ചു.

“മരുമകളുടെ ആരോപണത്തില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു” പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കജ് ഭട്ട് പറഞ്ഞു. മരുമകളുടെ പരാതിയില്‍ ബഹുഗുണയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. രാജേന്ദ്ര ബഹുഗുണയുടെ മകന്‍ അജയ് ബഹുഗുണ ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. അജയ്‍യുടെ പരാതിയില്‍ ഭാര്യ, ഭാര്യാപിതാവ്, അയല്‍വാസി എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

ബഹുഗുണ 2004-2005ല്‍ എന്‍.ഡി തിവാരി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. ഭാരതീയ മസ്ദൂര്‍ സംഘ്, പരിവാഹന്‍ സംഘ്, റോഡ്‌വേസ് എംപ്ലോയീസ് യൂണിയന്‍, ഐഎന്‍ടിയുസി മസ്ദൂര്‍ സംഘ് എന്നിവയുടെ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to top button
error: