NEWS

തൃക്കാക്കര; വരാനിരിക്കുന്നത് ഭയാനകമായ അന്തരീക്ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 10 വോട്ട് കൂടിയാല്‍ പോലും വരാനിരിക്കുന്നത് ഭയാനകമായ അന്തരീക്ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

രാജഭരണമായിരിക്കും പിന്നീട് നടക്കുക. രാജാവ് പറയുക, മറ്റുള്ളവര്‍ അനുസരിക്കുക എന്ന അവസ്ഥ വരും. അതുകൊണ്ട് എല്‍ഡിഎഫിനെ അന്തസായി തോല്‍പ്പിക്കണം, വെറുതെ തോല്‍പ്പിച്ചാല്‍ പോരാ ചെണ്ടകൊട്ടി തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ബുദ്ധിമുട്ടുമ്ബോള്‍ മന്ത്രിസഭ ഒന്നാകെ ഉത്തരവാദിത്തങ്ങള്‍ വലിച്ചെറിഞ്ഞ് തൃക്കാക്കരയില്‍ വന്നുനില്‍ക്കുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. വെള്ളപ്പൊക്കം, വിലക്കയറ്റം, റോഡ് തകര്‍ന്ന പ്രശ്‌നങ്ങളൊക്കെ സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഇപ്പോള്‍ ഭരണം കലക്ടര്‍മാരെ ഏര്‍പ്പിച്ചിരിക്കുകയാണ്. മന്ത്രിസഭക്ക് ഭീഷണിയില്ലാത്ത തെരഞ്ഞെടുപ്പില്‍ അങ്ങനെ ചെയ്യരുതെന്നും ആന്റണി പറഞ്ഞു.

ഗോശ്രീ പാലം വന്നത് തന്റെ ഭരണകാലത്താണ്.ആ പാലത്തിലൂടെ കടന്നുപോയ ഒന്നാം നമ്ബര്‍ കാര്‍ തന്റേതാണ്.ഇന്‍ഫോ പാര്‍ക്ക് കൊണ്ടുവന്നത് തന്റെ ഭരണകാലത്താണ്. അന്ന് കുഞ്ഞാലിക്കുട്ടിയാണ് ഒപ്പം നിന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഐ.ടി ഹബ്ബുകള്‍ വികസിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമില്ലെങ്കില്‍ കൊച്ചി മെട്രോ ഉണ്ടാകുമായിരുന്നില്ല. മെട്രോ കാക്കനാട് വരെ നീട്ടാന്‍പോലും പിണറായിക്ക് പറ്റുന്നില്ല.സിപിഎം വികസന വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.

 

 

അതേസമയം സിപിഐഎം വികസനവിരോധികളാണെങ്കിൽ കോൺഗ്രസ് കെ- റെയിലിന് എന്തിന് എതിരു നിൽക്കുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.കോൺഗ്രസ് ഉപേക്ഷിച്ച ദേശീയപാത വികസനവും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും കൊച്ചി വാട്ടർ മെട്രോയുമൊക്കെ പിണറായി സർക്കാർ നടപ്പിലാക്കിയ കാര്യം പറഞ്ഞപ്പോഴും അദ്ദേഹം പ്രതികരിച്ചില്ല.

Back to top button
error: