ഇഞ്ചിക്കറിയും വരരുചിയും

രിക്കൽ ദൂര യാത്രയ്ക്കിടെ വരരുചി ഒരു ബ്രാഹ്മണ ഗൃഹത്തിലെത്തി. അവിടെയുള്ള ബ്രാഹ്മണൻ അദ്ദേഹത്തെ ഊണ് കഴിക്കാൻ ക്ഷണിച്ചു. എന്നാൽ വിദ്വാനായ വരരുചി ഭക്ഷണം കഴിക്കുന്നതിനു മുൻപ് ചില നിബന്ധനകൾ ഉണ്ടെന്ന് ഗൃഹനാഥനെ അറിയിച്ചു. താൻ കഴിക്കുന്നതിന് മുൻപ് 101 പേരെ ഊട്ടണം, ഊണ് കഴിക്കാൻ 108 കറികൾ വേണം, ഊണിനു ശേഷം മൂന്ന് പേരെ തിന്നണം, അതു കഴിഞ്ഞാൽ നാല് പേർ തന്നെ ചുമക്കണം എന്നിങ്ങനെ നിബന്ധനകൾ നിരന്നു. വിചിത്രമായ ആവശ്യങ്ങൾ കേട്ട് കണ്ണ് മിഴിച്ചു നിൽക്കുക മാത്രമാണ് ആ ബ്രാഹ്മണൻ ചെയ്തത്.
എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിമതിയായ മകളുടെ മറുപടി അകത്തു നിന്നെത്തി. “എല്ലാം തയ്യാറാണ്, കുളി കഴിഞ്ഞു വരൂ” എന്നതായിരുന്നു അത്. 101 പേരെ ഊട്ടുക എന്നാൽ 101 ദേവതമാരുടെ പ്രീതി ലഭിക്കാനായുള്ള വൈശ്വദേവം ചടങ്ങാണെന്നും 108 കറി എന്നാൽ ആരോഗ്യ ഗുണങ്ങളും രുചി വൈവിധ്യവുമുള്ള ഇഞ്ചിക്കറി ആണെന്നും നേരിട്ട് പറയാതെ തന്നെ ആ മിടുക്കി മനസിലാക്കി. ഊണിനു ശേഷം മൂന്ന് പേരെ കഴിക്കണം എന്നുള്ളത് മുറുക്കലിനെയാണ് സൂചിപ്പിച്ചത്. നാല് പേർ ചുമക്കണമെന്നത് ഊണിനു ശേഷം കട്ടിലിൽ ഒന്ന് മയങ്ങണമെന്ന ലളിതമായ ആവശ്യവും. പരോക്ഷമായി പറഞ്ഞിട്ടും കാര്യങ്ങൾ മനസിലാക്കിയ ബുദ്ധിമതിയായ ഈ പെൺകുട്ടിയെ വരരുചി വിവാഹം ചെയ്യുകയും ചെയ്തു. വരരുചിയുടെയും പറയിപെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വാമൊഴിയായായും വരമൊഴിയായും കൈമാറിയപ്പോൾ രുചി ചോരാതെ ഇഞ്ചിക്കറിയും കൂടെപ്പോന്നു.
തലമുറകൾ കടന്നിട്ടും സദ്യയെങ്കിൽ ഇലത്തലയ്ക്കൽ ഇഞ്ചിക്കറി ഇപ്പോഴുമുണ്ട്. ഓണ വിഭവങ്ങളിൽ മുൻ നിരയിൽ തന്നെയാണ് തൊടുകറി രൂപത്തിലുള്ള ഈ വിഭവം. സദ്യ വിളമ്പുന്നെങ്കിൽ ഇഞ്ചിക്കറി നിർബന്ധമാണ്, പ്രത്യേകിച്ച് തിരുവിതാംകൂറുകാർക്ക്. മലബാർ ഭാഗത്ത്‌ പുളിയിഞ്ചി എന്ന അല്പം വ്യത്യസ്തമായ വിഭവമാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്.
ഇഞ്ചിക്കറി ഉണ്ടാക്കുന്ന വിധം
 
1.ഇഞ്ചി- 250 ഗ്രാം
2.മല്ലി -രണ്ടു ടേബിള്‍സ്പൂണ്‍
3. കടുക് -കാല്‍ ടീസ്പൂണ്‍
4. നല്ലെണ്ണ -ഒരു ടേബിള്‍സ്പൂണ്‍
5. വെളിച്ചെണ്ണ -രണ്ടു ടേബിള്‍സ്പൂണ്‍
6. വാളന്‍പുളി- പാകത്തിന്
7. ശര്‍ക്കര – പാകത്തിന്
8. കടുക് -കാല്‍ ടീസ്പൂണ്‍
9. ഉലുവ -ഒരു നുള്ള്
10. വറ്റല്‍ മുളക് (മുറിച്ചത്)-നാലെണ്ണം
11. പച്ചമുളക് – രണ്ടെണ്ണം
12. കറിവേപ്പില-ആവശ്യത്തിന്
13. കശ്‍മീരി മുളകുപൊടി – ഒരു ടീസ്പൂൺ

തയ്യാറാക്കേണ്ടത് ഇങ്ങനെ:

• ഇഞ്ചി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി വട്ടത്തിൽ ചെറുതായി അരിഞ്ഞെടുക്കണം. ഇത് വെളിച്ചെണ്ണയിൽ വറുത്ത് കോരണം. ഒരുപാട് ഇരുണ്ട നിറമാകാൻ അനുവദിക്കരുത്. ഇളം ബ്രൗൺ നിറമായി കഴിഞ്ഞാൽ ഇത് ഉടൻ എണ്ണയിൽ നിന്ന് മാറ്റണം. ചൂട് മാറിയാൽ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കണം.

• ശേഷം പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കണം. ഇഞ്ചി വറുത്തെടുത്ത എണ്ണ തന്നെ ഇതിനായി ഉപയോഗിക്കാം.

• ഇതിലേക്ക് വറ്റൽ മുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ശേഷം തീ ഓഫ്‌ ചെയ്ത ശേഷം കശ്‍മീരി മുളക് പൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കണം.

• ശേഷം ഇതിലേക്ക് കുതിർത്ത പുളി പിഴിഞ്ഞെടുത്തത് ഒഴിക്കാം.ഒരു നാരങ്ങാ വലിപ്പത്തിൽ വേണം പുളിയെടുക്കാൻ. ഇത് നന്നായി തിളപ്പിച്ചെടുക്കണം. പുളിയുടെ പച്ച രുചി മാറും വരെ തിളപ്പിക്കണം.

• അടുത്തതായി വറുത്ത് പൊടിച്ചെടുത്ത ഇഞ്ചി ഇതിലേക്ക് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി കൊടുക്കണം. കുറുകി വരുന്ന സമയത്ത് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുക്കാം.മധുരം കുറവ് മതിയെങ്കിൽ ശർക്കരയുടെ അളവ് കുറയ്ക്കുക. ഒരുപാട് കുറുകുന്നതിന് മുൻപ് തീ ഓഫ്‌ ചെയ്യാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version