ഗോതമ്പ് കയറ്റുമതി നിരോധനം ഉടന്‍ നീക്കില്ലെന്ന് പിയുഷ് ഗോയല്‍

ഡാവോസ്: ഗോതമ്പ് കയറ്റുമതി നിരോധനം ഉടന്‍ നീക്കം ചെയാന്‍ ഇന്ത്യയ്ക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍. എന്നാല്‍ മറ്റുരാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ ഗോതമ്പ് ഉദ്പാദകരായ ഇന്ത്യ മെയ് 14 നാണ് ഗോതമ്പിന്റെ കയറ്റുമതി വിലക്കിയത്.

ഉഷ്ണതരംഗം കാരണം ഉദ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണികളില്‍ ഗോതമ്പിനുണ്ടായ വില വര്‍ധനവുമാണ് വിലക്കിന് കാരണമായത്. യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോളവിപണിയില്‍ ഗോതമ്പിന് ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയും ഗോതമ്പ് കയറ്റുമതി വിലക്കിയതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. നിലവില്‍ ലോകത്ത് അസ്ഥിരതയുണ്ടെന്നും ഇപ്പോള്‍ നിരോധനം പിന്‍വലിച്ചാല്‍ അത് കരിചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും സഹായിക്കുകയുള്ളൂ എന്നും ആവശ്യക്കാരായ രാജ്യങ്ങളെ അത് സഹായിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കൂടാതെ ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നിവയെ ഗോതമ്പ് കയറ്റുമതി വിലക്കിനു പിന്നിലെ കാരണം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവെ നല്‍കിയ അഭിമുഖത്തിലാണ് ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനെതിരെ ജി7 രാജ്യങ്ങളടക്കം രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ തീരുമാനം പുനപരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ടോം വില്‍സാക് ഇന്ത്യയുടെ നടപടിയില്‍ ആശങ്ക അറിയിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version