NEWS

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം നിയമ വ്യവഹാരങ്ങളായി മാറ്റരുത്

ങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ ഒരു പേരക്കുട്ടിയെ തരൂ, അല്ലെങ്കിൽ 5 കോടി നഷ്ടപരിഹാരം തരണം”  ഉത്തരാഖണ്ഡിൽ നിന്നുള്ള ഈ വാർത്ത ഇന്ത്യയിലെ പത്രങ്ങൾ മാത്രമല്ല ബിബിസിയിൽ വരെ പ്രാധാന്യത്തോടെ വന്നു.ഇന്ത്യൻ പത്രങ്ങളിൽ ഇത് വെറുമൊരു വാർത്ത മാത്രമായി വന്നെങ്കിൽ ബിബിസിയിൽ ഇന്ത്യൻ മാതാപിതാക്കളുടെ മനോഭാവം എന്ന രീതിയിലുള്ള വിശകലനങ്ങളായിരുന്നു.
വളർത്തുകൂലി’ വേണോ?
പ്രായപൂർത്തിയായ മകന് അമേരിക്കയിൽ പോയി പഠിക്കുന്നതിനായി 2004 മുതൽ 2009 വരെ 29 ലക്ഷം രൂപ ചെലവാക്കിയത് 10.5 ശതമാനം കൂട്ടുപലിശ സഹിതം തിരിച്ചു കിട്ടണമെന്ന ‌കേസ് ഒരു അച്ഛൻ ഫയൽ ചെയ്തിരുന്നു. ബോംബെ ഹൈകോടതിയിലെ ജഡ്ജിമാർ ഈ കേസിൽ തങ്ങളുടെ കുട്ടിയെ പഠിപ്പിക്കുവാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണെന്നും, അവരുടെ കഴിവിനൊത്ത് അത് ചെയ്യണമെന്നുമുള്ള  നിലപാടെടുത്തു. തന്റെ  മകൻ തന്നെ വഞ്ചിച്ചു എന്ന കേസ് കൊടുത്തിരുന്ന പിതാവിന്റെ നിലപാട് അസംബന്ധമാണെന്ന കാരണം പറഞ്ഞ് കോടതി ഈ കേസ് തള്ളി. ഈ കേസിൽ ജഡ്ജിമാർ ചില പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തി.
∙ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനു മാതാപിതാക്കൾ പണം ചെലവാക്കുന്നുണ്ടെങ്കിൽ അത് മാതാപിതാക്കളുടെ ബാധ്യതയാണ്. അതിനു കുട്ടി നന്ദിയുള്ളവരായിരിക്കണം. ഇതൊരു നിയമപരമായ പ്രശ്നമല്ല. ഇത്തരം പണമിടപാടുകൾ സ്നേഹം, കരുതൽ, വാത്സല്യം എന്നിവയിൽ നിന്നുള്ളതാണ്. അതിനെ നിയമ വ്യവഹാരങ്ങളായി മാറ്റരുത്.
∙ഇത്തരം വിഷയങ്ങൾ രാജ്യത്തെ സമൂഹത്തിന്റെ സംസ്കാരത്തിന്റെയും, പക്വതയാർന്ന മനോഭാവത്തിന്റെയും  പ്രതിഫലനമാണ്. നിയമപരമായി മാത്രം  ബന്ധങ്ങളെ കാണുന്ന ഇത്തരം കേസുകൾ സാമൂഹ്യ മൂല്യച്യുതിയാണ് കാണിക്കുന്നത്.
ഈ തർക്കത്തിനിടെ മകൻ 15 ലക്ഷം രൂപ 3 ഗഡുക്കളായി നൽകാമെന്ന് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പായി.
മറ്റൊരു കേസിൽ വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാകരുത്, മറിച്ച് വിദ്യാഭ്യാസ വായ്‍പയെടുത്ത വിദ്യാർത്ഥിയുടെ ഭാവി വരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാകണം എന്നൊരു നിരീക്ഷണം കേരള ഹൈ കോടതി നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ വായ്പ തിരിച്ചുകൊടുക്കണോ?
മാതാപിതാക്കളിൽനിന്നെടുത്ത വിദ്യാഭ്യാസ വായ്പ  തിരിച്ചുകൊടുക്കേണ്ട എന്ന മനോഭാവം മക്കൾ വച്ചുപുലർത്തുന്നത് അത്ര  നല്ലതല്ല എന്ന് മുകളിൽ പറഞ്ഞ ആദ്യത്തെ  കേസ് ഓർമിപ്പിക്കുന്ന്നുണ്ട്. പ്രായപൂർത്തിയായ മക്കൾക്ക് വിദ്യാഭ്യാസ വായ്പ നൽകുമ്പോൾ അത് തിരിച്ചു ലഭിക്കണമെങ്കിൽ കൃത്യമായി ആദ്യമേ പറഞ്ഞിരിക്കണം. സ്നേഹത്തിന്റെ പേരിൽ ചിലവാക്കിയശേഷം പിന്നീട്  ഭീഷണിപെടുത്തുന്നത് നല്ല കാര്യമല്ല. മക്കളാണെങ്കിലും പ്രായപൂർത്തിയായശേഷം മാതാപിതാക്കളിൽ നിന്ന് വാങ്ങുന്ന പണം തിരിച്ചു കൊടുക്കുന്നത് തന്നെയാണ് നല്ലത്‌. അതുപോലെ മാതാപിതാക്കൾ മക്കൾക്ക് ബാധ്യതയാകാതെ സ്വന്തം വാർധക്യത്തിലേക്ക് സ്വരുക്കൂട്ടുക തന്നെ വേണം.
മക്കൾക്ക് സ്വയം തീരുമാനങ്ങളെടുക്കാൻ അവകാശമില്ലേ?
മാറുന്ന സാമൂഹ്യ സാഹചര്യത്തിൽ മാതാപിതാക്കൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും മക്കൾ ചെയ്യണം എന്ന് വിചാരിക്കുന്നത് നല്ലതല്ല. മക്കൾ സ്വയം തീരുമാനങ്ങളെടുക്കുകയാണെങ്കിൽ പിന്നീട് മാതാപിതാക്കളെ കുറ്റപ്പെടുത്താൻ അവസരം ഉണ്ടാകില്ല.സ്വന്തം തീരുമാനങ്ങൾ  സ്വന്തം ഉത്തരവാദിത്തമാണ് എന്ന മനോഭാവം മക്കൾ വളർത്തിയെടുക്കണം. മാതാപിതാക്കൾ താഴെയുള്ള കാര്യങ്ങളിൽ ഒരു പുനർ വിചിന്തനം  നടത്തുന്നതും നല്ലതായിരിക്കും.
“മക്കളെ വളർത്തിയത് മാതാപിതാക്കളുടെ സന്തോഷത്തിനു കൂടി വേണ്ടിയല്ലേ?
*എക്കാലവും മക്കൾ മാതാപിതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അടിമകളാകണോ ?
*മക്കൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ അവരെ അനുവദിക്കില്ലേ?
*മക്കൾക്ക് കുട്ടി ഉണ്ടാകണോ വേണ്ടയോ എന്നത് അവരുടെ തീരുമാനത്തിന് വിട്ടു കൂടെ?
മക്കൾക്ക് പണം നൽകേണ്ടേ?
മക്കളെ സാമ്പത്തികമായി സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ  ആ സാമ്പത്തിക സഹായം മക്കൾ ദുരുപയോഗിക്കുമ്പോഴാണ് തെറ്റാകുന്നത്.പണം വെറുതെ നൽകുന്നത് യഥാർത്ഥത്തിൽ അവരെ വഷളാക്കുന്നതിനു തുല്യമാണ്. പ്രായപൂർത്തിയായ മക്കൾക്ക് പണം നൽകുമ്പോൾ ‘വായ്പ’ എന്ന വാക്ക് ബോധപൂർവം ഉപയോഗിക്കുന്നത് നല്ലതാണ്. പഠിപ്പ് കാലഘട്ടത്തിനു ശേഷം വീണ്ടും പണം കൊടുക്കുകയും, മറ്റു ചിലർ വിവാഹശേഷം പോലും മാതാപിതാക്കളെ പണത്തിനായി ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ യഥാർത്ഥത്തിൽ തെറ്റ് ചെയ്യുന്നത് മാതാപിതാക്കളാണ്.  വിവാഹശേഷവും  മകനെയോ മകളെയോ സാമ്പത്തികമായി എപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നത് അവരെ നശിപ്പിക്കുകയേയുള്ളൂ.
മക്കളാണോ ഇൻഷുറൻസ്?
മക്കളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനുമായി  ചിലവിടുന്ന തുകയോടൊപ്പം സ്വന്തം വാർദ്ധക്യകാലത്തേക്ക് കരുതാൻ മറക്കരുത്. മക്കളാണ് ഇൻഷുറൻസ് എന്ന പഴഞ്ചൻ മനോഭാവം മാറ്റാൻ സമയമായി. സാമൂഹ്യ സുരക്ഷാ പദ്ധതികൾ അധികമില്ലാത്ത ഇന്ത്യ പോലുള്ള രാജ്യത്ത് സ്വന്തം സാമ്പത്തിക സുരക്ഷിതത്വം ഓരോ മാതാപിതാക്കളും മുൻകൂട്ടി കരുതണം. മക്കൾക്കായി എല്ലാം ചിലവാക്കി പിന്നീട് വിലപിക്കുന്നതിൽ കാര്യമില്ല. ഉന്നത വിദ്യാഭ്യാസത്തിനു ചെലവ് കൂടുന്ന ഈ കാലത്ത് മാതാപിതാക്കൾ ഈ കാര്യങ്ങൾ ഗൗരവമായി മുൻകൂട്ടി ചിന്തിക്കണം. വമ്പൻ വീടുകൾ നിറയെയുള്ള കേരളത്തിലെ മാതാപിതാക്കൾക്ക് ‘റിവേഴ്‌സ് മോർട്ടഗേജ്” എന്ന അവസരം ഉണ്ടെന്നതും മറക്കാതിരിക്കുക. വീടിന്റെ മൂല്യത്തിനനുസരിച്ച് ബാങ്ക് എല്ലാ മാസവും നിശ്ചിത തുക നൽകുന്ന രീതിയാണിത്.
പ്രായപൂർത്തിയായാൽ വിദ്യാഭ്യാസത്തിനുള്ള തുക സ്വയം കണ്ടെത്താൻ മക്കൾക്കാകണം. വിദ്യാഭ്യാസ വായ്പകളും, സ്കോളർഷിപ്പുകളും അതിനുള്ളതാണ്. എല്ലാത്തിനുമുപരിയായി മക്കളും, മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന് പണം മാത്രം ഒരു മാനദണ്ഡം ആകരുത്.

Back to top button
error: