NEWS

ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ടു; ക്ഷേത്രവിഗ്രഹങ്ങൾ നശിപ്പിച്ച യുവാവ് അറസ്റ്റിൽ

നോയിഡ: വര്‍ഷങ്ങളായി പ്രാർത്ഥിച്ചിട്ടും ഫലം ലഭിക്കാത്തതിനെ തുടർന്ന് ദൈവത്തോട് ‘ഇടഞ്ഞ്’ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയ 27 കാരനെ പോലിസ് അറസ്റ്റ് ചെയ്തു.ക്ഷേത്രത്തിലെ ദിവസ വേതനക്കാരനായ ഭൂറ എന്ന വിനോദ് കുമാറാണ് അറസ്റ്റിലായത്.
ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് ക്ഷേത്രത്തിലെ ദിവസവേതനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ പുറത്തു വന്നത്.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി തന്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലിസിനോട് പറഞ്ഞു.താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചെങ്കിലും നേർച്ചകൾ നേർന്നെങ്കിലും ഫലമുണ്ടായില്ല. അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, ഇതിനിടയിൽ അമ്മായിയും മരിച്ചു. ഇതോടെ തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും താൻ വിഗ്രഹങ്ങൾ തകർക്കുകയായിരുന്നെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ചുറ്റികയും ഉളിയും ഉപയോഗിച്ചായിരുന്നു പ്രതി വിഗ്രഹങ്ങൾ തകർത്തത്.ഇവ രണ്ടും പോലീസ് കണ്ടെടുത്തു.പ്രതിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 295 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പോലിസ് അറിയിച്ചു.

Back to top button
error: