BusinessTRENDING

ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

വേദാന്ത ലിമിറ്റഡിന്റെ ഉപകമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിലെ ശേഷിക്കുന്ന മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. 29.5 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാരിന് ഈ കമ്പനിയിലുള്ളത്. ഇത് പൂര്‍ണമായും വിറ്റഴിക്കാനാണ് നീക്കം. നിലവിലെ ഓഹരി വിപണി വിലയനുസരിച്ച് ഏകദേശം 38,560 കോടി രൂപ കേന്ദ്രത്തിന് ലഭിക്കും.

ഓഫര്‍ ഫോര്‍ സെയില്‍ വഴി സര്‍ക്കാരിന് അതിന്റെ ഓഹരികള്‍ വിറ്റഴിക്കാം, കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റാണ് വില്‍പ്പന ക്രമീകരിക്കുകയെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേദാന്തയ്ക്ക് ഹിന്ദുസ്ഥാന്‍ സിങ്കില്‍ 64.9 ശതമാനം ഓഹരികളാണുള്ളത്.

സിങ്ക്, ലെഡ്, സില്‍വര്‍, കാഡ്മിയം എന്നിവയുടെ ഖനന രംഗത്തും നിര്‍മാണത്തിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സിങ്ക് ഹിന്ദുസ്ഥാന്‍. മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഈ കമ്പനി പിന്നീട് വേദാന്തയ്ക്ക് കൈമാറുകയായിരുന്നു. അതിനിടെ, ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് കാബിനറ്റ് അംഗീകാരം നല്‍കിയ പ്രഖ്യാപനം വന്നതോടെ ഈ കമ്പനിയുടെ ഓഹരി വില ഏഴ് ശതമാനം ഉയര്‍ന്നു. ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 315.90 രൂപയാണ് സിങ്കിന്റെ ഓഹരി വില.

Back to top button
error: