KeralaNEWS

ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോ‍ർജ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് പി സി ജോ‍ർജ് ഹർജി നൽകിയത്. ജാമ്യാപേക്ഷയിൽ നാളെ രാവിലെ 9 ന് വാദം കേൾക്കും.

സ്പെഷൽ പെറ്റീഷനായിട്ടാണ് പി സി ജോ‍ർജ് ഹര്‍ജി നല്‍കിയത്. ഇന്ന് രാത്രി തന്നെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പി സി ജോർജ് കോടതിയെ അറിയിച്ചു. ശ്വസനോപകരണങ്ങളുടെ സഹായത്തോടെയാണ് രാത്രി ഉറങ്ങുന്നത്. അതിനാൽ അടിയന്തരമായി രാത്രി തന്നെ ഹർജി പരിഗണിക്കമെന്നായിരുന്നു ആവശ്യം. ഹൈക്കോടതി രജിസ്റ്റർ ജനറലിനാണ് കത്ത് നൽകിയത്. ഹര്‍ജി ഇന്ന് പരിഗണിക്കാനുള്ള അസൗകര്യം ജഡ്ജി അറിയിച്ചതിനെ തുടർന്നാണ് നാളെ രാവിലത്തേക്ക് മാറ്റിയത്. ഹര്‍ജി നാളെ രാവിലെ പരിഗണിക്കും.

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.

അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി സി ജോർജിനെ ഫോർട്ട് പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനപ്പൂ‍ർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തൽ. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.

വെണ്ണല പ്രസംഗക്കേസിൽ പി സി ജോ‍ർജ് സമർപ്പിച്ച മുൻകൂ‍ർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതിൽ ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ കേസിൽ പി സി ജോർജ് ഹാജരായെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും കോടതി ഉത്തരവനുസരിച്ച് ജാമ്യം നൽകിയെന്നും പ്രോസിക്യൂഷൻ അറിയിക്കും.

Back to top button
error: