LIFENewsthen Special

സ്പേസ് ക്യാമ്പിന്റെ മനം കവർന്ന് ‍സെറിബ്രൽ പാൾസിയെ തോല്പിച്ച ആര്യ രാജ്

തിരുവനന്തപുരം: അന്യഗ്രഹജീവനെപ്പറ്റി പഠിക്കുന്ന ആസ്റ്റ്രോബയോളജിസ്റ്റ് ആകണമെന്ന സ്വപ്നവുമായി സെറിബ്രൽ‍ പാൾ‍സി എന്ന ഗുരുതരശാരീരികാലാവസ്ഥ യെ വെല്ലുവിളിച്ചു മുന്നേറുന്ന ആര്യ രാജ് ആവേശവും പ്രചോദനവുമായി യുഎൽ‍ സ്‌പേസ് ക്യാമ്പിൽ. ആദ്യമായി ഐസർ‍ (ഇൻ‍ഡ്യൻ‍ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻ‍സ് എജ്യൂക്കേഷൻ‍ ആൻ‍ഡ് റിസർ‍ച്ച്) പ്രവേശനം നേടിയ സെറിബ്രൽ‍ പാൾ‍സി ബാധിച്ച വിദ്യാർ‍ത്ഥിനിയാണ് ആര്യ.

കോവളത്തെ കേരള ആർ‍ട്‌സ് ആൻ‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ യുഎൽ സ്പേസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ത്രിദിനക്യാമ്പിന്റെ ഉദ്ഘാടനവേദി പ്രമുഖശാസ്ത്രജ്ഞർക്കൊപ്പം പങ്കിട്ട ആര്യയോട് മുഖ്യാതിത്ഥിയായി പങ്കെടുത്ത ഐ.ഐ.എസ്.റ്റി. രജിസ്ട്രാറും പ്രൊഫസറുമായ ഡോ. വൈ.വി.എൻ‍. കൃഷ്ണമൂർത്തി ഓട്ടോഗ്രാഫ് വാങ്ങിയത് സദസിനെ സന്തോഷക്കണ്ണീർ അണിയിച്ചു.

ആര്യയെ നേരിട്ടു കാണാനാണു താൻ മുഖ്യമായും എത്തിയതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. “അന്യഗ്രഹജീവന്റെ സാദ്ധ്യതകളെ പറ്റി യുഎൽ സ്പേസ് ക്ലബ്ബ് നടത്തിയ വെബിനാറിൽ‍ ആര്യ അവതരിപ്പിച്ച അവതരണം ഞാൻ കേട്ടിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി.” അദ്ദേഹം പറഞ്ഞു.

സ്ഥിരോത്സാഹംകൊണ്ടു പരിമിതികളെ മറികടക്കുന്ന ആര്യ വിദ്യാർത്ഥിസമൂഹത്തിനാകെ പ്രചോദനമാണെന്നു പറഞ്ഞ കൃഷ്ണമൂർത്തി, ആര്യ ഉൾ‍പ്പെടെയുള്ള വിദ്യാർ‍ത്ഥികൾക്ക് ശാസ്ത്രപഠനത്തിന് ഉതകുന്ന മനോഹരമായ ആവാസവ്യവസ്ഥയാണ് യുഎൽ‍ സ്‌പേസ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞു.

അരിസോണ സർവ്വകലാശാലയിൽ ആസ്റ്റ്രോബയോളജി പഠിക്കണമെന്നാണ് ആര്യയുടെ സ്വപ്നം. ഇതിനായി നിശ്ചയദാർ‍ഢ്യത്തോടെ മുന്നേറുന്ന ഈ പ്രതിഭയുടെ വിദ്യാഭ്യാസം ഏറ്റെടുത്തിരിക്കുന്നതും അവളുടെ വളർ‍ച്ചയ്ക്കും ആശയാഭിലാഷങ്ങൾക്കും പിന്തുണ നല്കുന്നതും സ്പേസ് ക്ലബ്ബിന്റെ പ്രായോജകരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആണ്.

പ്ലസ് ടുവിന് 1200-ൽ‍ 1200 മാർ‍ക്കു വാങ്ങി വിജയിച്ച ആര്യ യുഎൽ‍ സ്‌പേസ് ക്ലബ്ബിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭകളിൽ‍ ഒരാളാണ്. നിലവിൽ‍ തിരുവനന്തപുരം ഐസറിലെ യുജി കോഴ്‌സായ (ഇന്റഗ്രേറ്റഡ് പിജി) ബി.എസ്.എം.എസ് വിദ്യാർ‍ത്ഥിനിയാണ് കോഴിക്കോട് സ്വദേശിയായ ആര്യ.

സങ്കീർ‍ണ്ണമായ ഐസർ‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എഴുതി പേഴ്സൺ‍ വിത്ത് ഡിസെബിലിറ്റി വിഭാഗത്തിൽ‍ അഞ്ചാം റാങ്കോടെ പാസായാണ് ആര്യ ഐസർ‍ പ്രവേശനം നേടിയത്. അതിനുണ്ടായ കടമ്പകൾ നിയമവഴിയിൽ‍ മറികടന്നതിന്റെ കഥ ഉദ്ഘാടനസമ്മേളനത്തിൽ കോഴിക്കോട് ജില്ലാ ജഡ്ജി ആർ.എൽ. ബൈജു പറഞ്ഞതും കൗതുകമായി. ടെസ്റ്റിൽ പങ്കെടുക്കാനും ആര്യയുടെ പരിമിതിക്കനുസരിച്ചു പരീക്ഷാസമയം നീട്ടിക്കിട്ടാനും ആര്യയുടെ സംസാരം മനസിലാക്കാൻ കഴിയുന്ന ഇന്റർപ്രെട്ടറെ കിട്ടാനുമൊക്കെ ഇടപെടൽ വേണ്ടിവന്നത് അദ്ദേഹം അനുസ്മരിച്ചു.

ഒന്നാം സെമസ്റ്റർ മികവോടെ വിജയിച്ച ആര്യ ഇന്ന് തിരുവനന്തപുരം ഐസറിന്റെ മാനസപുത്രിയാണ്. അവൾക്കു വേണ്ട എല്ലാ പ്രത്യേകസൗകര്യങ്ങളോടും കൂടിയ വാസസ്ഥലമടക്കം അവർ അവൾക്ക് ഒരുക്കി നല്കിയിരിക്കുന്നു.

ആസ്റ്റ്രോഫിസിക്‌സിൽ‍ ദേശീയ വെബിനാറുകളിൽ പ്രസന്റേഷനുകൾ‍ നല്കിയിട്ടുള്ളതടക്കം ഒട്ടേറെ നേട്ടങ്ങൾക്ക് ഉടമയാണ് ആര്യ. ഇന്റീരിയര്‍ ഡിസൈനറായ അച്ഛൻ‍ രാജീവും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥയായ അമ്മ പുഷ്പജയും മകളുടെ എല്ലാ സ്വപ്നങ്ങൾ‍ക്കും പിന്തുണയുമായുണ്ട്.

Back to top button
error: