ആപ്പിള്‍ ചൈനയെ തഴഞ്ഞു; ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തമാക്കും

ചൈനയിലെ കോവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള ഉല്‍പ്പാദനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ആപ്പിള്‍. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യയും വിയറ്റ്‌നാമുമാണ് ചൈനയ്ക്ക് ബദലായി ആപ്പിള്‍ കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെ 90 ശതമാനത്തിലധികം ആപ്പിള്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്.

ചൈനയുടെ കോവിഡ് വിരുദ്ധ നയത്തിന്റെ ഭാഗമായി ഷാങ്ഹായിലും മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല പാശ്ചാത്യ കമ്പനികളുടെയും വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പുതിയ കോവിഡ് തരംഗം നിലവിലെ പാദത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയെ ബാധിക്കുമെന്ന് ഏപ്രിലില്‍ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയിലെ കോവിഡ് വ്യാപനവും നിയന്ത്രണവും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിളിനെ അതിന്റെ എക്സിക്യൂട്ടീവുകളെയും എഞ്ചിനീയര്‍മാരെയും രാജ്യത്തേക്ക് അയയ്ക്കുന്നതില്‍ തടഞ്ഞിരുന്നു.

ഏഷ്യയില്‍, യോഗ്യരായ തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ചൈനയിലാണ്. തുടര്‍ന്ന് ഇന്ത്യയും. കുറഞ്ഞ ഉല്‍പ്പാദന ചെലവ് അടക്കമുള്ള പല കാര്യങ്ങളിലും ഇന്ത്യയെയും ചൈനയെയും സമമായാണ് ആപ്പിള്‍ കാണുന്നത്. അതിനാല്‍ തന്നെ ഇന്ത്യയിലെ ഉല്‍പ്പാദനം ഊര്‍ജിതമാക്കുന്നതിനെ കുറിച്ച് ചില വിതരണക്കാരുമായി ആപ്പിള്‍ ചര്‍ച്ച തുടരുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തെ ഐഫോണുകളുടെ 3.1 ശതമാനവും ഇന്ത്യയില്‍നിന്നാണ് നിര്‍മിച്ചത്. ഈ വര്‍ഷം ഇത് 6-7 ശതമാനം വരെ വര്‍ധിക്കുമെന്ന് ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് പറയുന്നു. ഏപ്രിലില്‍, ഇന്ത്യയില്‍ ഏറ്റവും പുതിയ തലമുറ ഐഫോണുകളും ഐഫോണ്‍ 13 സീരീസുകളും നിര്‍മിക്കാന്‍ തുടങ്ങിയതായി ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version