ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ഇനി കനത്ത പിഴ;ബി.ഐ.എസ് അല്ലെങ്കിൽ ഐ.എസ്.ഐ മുദ്ര ഹെൽമറ്റിൽ നിർബന്ധം

ഹെല്‍മറ്റ് സ്ട്രാപ്പിടാതിരിക്കുക, ബി.ഐ.എസ് മുദ്രയില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുക തുടങ്ങിയവക്ക് 2000 രൂപ വരെ പിഴ നല്‍കേണ്ടിവരും. പുതുക്കിയ നിബന്ധനകളോടെ 1998ലെ മോട്ടോര്‍വാഹന ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു.
നിലവില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും രാജ്യത്ത് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. സ്ട്രാപ്പിടാതെ ഹെല്‍മറ്റ് അണിഞ്ഞ് ഇരുചക്ര വാഹനമോടിച്ചാലും പിന്നിലിരുന്നാലും 1000 രൂപയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) അല്ലെങ്കില്‍ ഐ.എസ്.ഐ അംഗീകാരമില്ലാത്ത ഹെല്‍മറ്റുമായി നിരത്തിലിറങ്ങിയാല്‍ 1000 രൂപയുമാണ് പിഴ. രണ്ട് നിയമ ലംഘനങ്ങള്‍ക്കും കൂടി 2000 രൂപ പിഴ നല്‍കേണ്ടിവരും.
ഹെല്‍മറ്റ് അണിഞ്ഞിരുന്നാലും ചുവപ്പ് സിഗ്നല്‍ മറികടന്ന് പായുന്നതടക്കം നിയമലംഘനങ്ങള്‍ക്ക് 2000 രൂപ പിഴ നല്‍കണം. നിയമലംഘകരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസം റദ്ദാക്കുമെന്നും പുതുക്കിയ ചട്ടം വ്യക്തമാക്കുന്നു.
അതേസമയം സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി.ഒൻപത് മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.സാധാരണ ഗതിയില്‍ നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായിരുന്നില്ല.ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version