കാട്ടാക്കടയിലെ കല്യാണവിശേഷം, വരൻ വിവാഹ ഉടമ്പടി ഏറ്റുചൊല്ലിയില്ല; വധുവിനെ വിവാഹ വേദിയില്‍ നിന്നും വീട്ടുകാര്‍ തിരികെ വിളിച്ചു കൊണ്ടുപോയി

    കാട്ടാക്കട: താലികെട്ടിയ വധുവിനെ വിവാഹ വേദിയില്‍ നിന്നും വീട്ടുകാര്‍ തിരികെ വിളിച്ചു കൊണ്ടുപോയി, പരാതി നല്‍കാനെത്തിയ വരനും ബന്ധുക്കളും പൊലീസ് പറഞ്ഞപ്പോള്‍ പരാതിനല്‍കാതെ മടങ്ങി. .

പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞെങ്കിലും, വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെയ്ക്കാത്തതിനാല്‍ നിയമപരമായി വിവാഹിതരല്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയതോടെ രേഖാമൂലം പരാതി നല്‍കാതെ വരനും സംഘവും മടങ്ങുകയായിരുന്നു. താലി കെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാന്‍ വരന്‍ തയാറാകാതിരുന്നതാണ് ക്രൈസ്തവ വിശ്വാസികളായ വധുവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ കാട്ടാക്കട സി.എസ്.ഐ പള്ളിയിലാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പാപ്പനംകോട് സ്വദേശിയാണ് വരന്‍. വധു ഒറ്റശേഖരമംഗലം സ്വദേശിനി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി വരന്‍ വധുവിനു താലി ചാര്‍ത്തി. മോതിരവും കൈമാറി. വരനും വധുവും അള്‍ത്താരയ്ക്ക് മുന്നില്‍ കാര്‍മികരായ വൈദികര്‍ക്ക് മുന്നില്‍ വിവാഹ ഉടമ്പടി എടുക്കലായിരുന്നു അടുത്ത ചടങ്ങ്. എന്നാല്‍ ഇതിനു വരന്‍ തയാറായില്ല.

റജിസ്റ്ററില്‍ ഒപ്പു വച്ചതുമില്ല. ഇതോടെ വധുവിന്റെ വീട്ടുകാരും വിവാഹത്തിനു എത്തിയവരും പകച്ചു. വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാന്‍ വരന്‍ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നാലെ വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാന്‍ തയാറാകാത്തതാണ് കാരണമെന്ന് അറിഞ്ഞത്. വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെയ്ക്കാത്തതിനാല്‍ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി നല്‍കാതെ മടങ്ങി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version