NEWSWorld

ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായി 400ലധികം അധ്യാപക ഒഴിവുകൾ. മികച്ച വേതനം, ഉടൻ അപേക്ഷിക്കുക

  ദുബായ്: പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി യു.എ.ഇ.യിൽ 400ലേറെ അധ്യാപക ഒഴിവുകൾ. ഗണിതം, സയൻസ് അധ്യാപകർക്കാണ് ഏറ്റവും ഡിമാൻഡ്. മിക്ക സ്കൂളുകളും പുതിയ അധ്യയന വർഷം ഓഗസ്റ്റ് 29നോ 30നോ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂം ടീച്ചർമാർ, മ്യൂസിക് ട്യൂട്ടർമാർ, സബ്ജക്ട് സ്പെഷ്യലിസ്റ്റുകൾ, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ തുടങ്ങി ഒട്ടേറെ തസ്തികകളിലേയ്ക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.‌

250 ഓളം ഒഴിവുകൾ ദുബായിലാണ്. അബുദാബിയിൽ 100 ലേറെയും ഷാർജയിൽ 12 ഓളം ഒഴിവുകളും ഉണ്ട്. വടക്കൻ എമിറേറ്റുകളിലും ഒഴിവുകളുണ്ടെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. മിക്ക തസ്തികകളിലേയ്ക്കും ഓഗസ്റ്റിന് മുൻപ് അപേക്ഷിക്കണം. ടൈംസ് എജ്യുക്കേഷണൽ സപ്ലിമെന്റിൽ (ടെസ്) ഒഴിവുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഒഴിവുകൾ എവിടെയൊക്കെ…?

ദുബായ് നോർത്ത് ലണ്ടൻ കോളജിയേറ്റ് സ്കൂൾ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റർനാഷനൽ ബാക്കലറിയേറ്റ് ഡിപ്ലോമ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപന പരിചയമുള്ളവർക്കാണ് മുൻഗണന.
ദുബായ് ഡ്വൈറ്റ് സ്കൂളിലേയ്ക്ക് ഗണിത വിഭാഗത്തിൽ തലവനെ ആവശ്യമുണ്ട്. കണക്കിലും ഐബി പ്രോഗ്രാമിലും മികവു തെളിയിച്ചവർക്ക് മുൻഗണന. കൂടാതെ, സയൻസ് വിഭാഗത്തിലും തലവനെ ആവശ്യമുണ്ട്.

ദുബായ് നോർഡ് ആഞ്ചലീന ഇന്റർനാഷനൽ സ്കൂളിൽ ഗണിത അധ്യാപികയെയാണ് ആവശ്യം.
ദുബായ് സിറ്റിസൺ സ്കൂളും അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
അബുദാബി ക്രാൻലി സ്കൂളിന് ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെയാണ് ആവശ്യം.
അമിറ്റി ഇന്റർനാഷനൽ സ്കൂളിൽ കംപ്യൂട്ടർ വിഭാഗത്തിൽ തലവനെയും.
അൽ റബീഹ് അക്കാദമിയിലും അധ്യാപക ഒഴിവുകളുണ്ട്.

റാസൽഖൈമ റാക് അക്കാദമിയിലേയ്ക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ അസി.ഹെഡിനെയാണ് വേണ്ടത്. ഇംഗ്ലീഷിൽ ബിരുദവും ബി.എ‍ഡും നിർബന്ധമാണ്.
അൽദാർ എജുക്കേഷൻ വടക്കൻ എമിറേറ്റിലെ ഒരു സ്കൂളിൽ പ്രിൻസിപ്പൽ തസ്തികയിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ബ്രൈറ്റൺ കോളജ്, യാസ് അക്കാദമി എന്നിവ ഗണിതാധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യതയുള്ളവർക്ക് മികച്ച വേതനം

യോഗ്യതയുള്ളവർക്ക് ബ്രിട്ടീഷ്, യു.എസ് കാരിക്കലും സ്കൂളുകളിൽ രണ്ടു ലക്ഷത്തോളം രൂപ (9,000 ദിർഹം) മുതൽ മൂന്നു ലക്ഷം രൂപയിലേറെ (15,000 ദിർഹം) വരെ പ്രതിമാസ ശമ്പളം ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലും ശമ്പളം വർധിക്കാനിടയുണ്ട്. ഗണിതം, സയൻസ് അധ്യാപകർക്ക് മറ്റുള്ളവരേക്കാൾ 3,000 ദിർഹം കൂടുതൽ ലഭിച്ചേക്കും.

പ്രധാന അധ്യാപകർക്ക് കാൽ ലക്ഷം മുതൽ 40,000 ദിർഹം വരെ പ്രതിമാസ ശമ്പളവും ലഭിക്കുന്നു. കൂടാതെ, താമസ സൗകര്യം, വാർഷിക അവധി, മടക്ക ടിക്കറ്റ്, യാത്രാ സൗകര്യം എന്നിവയും അനുവദിക്കും. അസി.അധ്യാപകർക്ക് 3,500 മുതൽ 7,500 ദിർഹം വരെയാണ് പ്രതിമാസ ശമ്പളം.

അതേസമയം, യു.എ.ഇ.യിലെ ഇന്ത്യൻ കാരിക്കുലം സ്കൂളുകളിൽ ശമ്പളം താരതമ്യേന കുറവാണ്. ഇക്കാര്യത്തിൽ അധ്യാപകർ അസംതൃപ്തരാണ്.

Back to top button
error: