കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും, ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കോട്ടയം: വെള്ളൂരിലെ കേരള സര്‍ക്കാറിന്‍റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന്‍റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിൽ നിന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്താണ് കേരള സർക്കാർ കെപിപിഎൽ ആരംഭിച്ചത്. ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം വെള്ളൂരിലെ പഴയ പേപ്പർ കമ്പനി കേരള സർക്കാർ പുതിയ പേരിൽ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നത്.

കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ വച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സ്ഥാപനം ഏറ്റെടുക്കുന്നതിനായി മാത്രം 145.6 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചു. നാല് ഘട്ടമായി 46 മാസത്തെ പുനരുദ്ധാരണ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തത്. അതിൽ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

പേപ്പർ മെഷീൻ, പവർ ബോയിലർ, ഡീ ഇങ്കിംഗ് എന്നിവയ്ക്കായി മൂന്ന് പ്ലാന്റുകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഡീ ഇങ്കിംഗ് പ്ലാന്റിൽ നിന്നുള്ള പൾപ്പും ഇറക്കുമതി ചെയ്യുന്ന പൾപ്പും ഉപയോഗിച്ചാണ് ഉൽപാദനം. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങാൻ രണ്ട് മാസം കൂടി വേണ്ടി വരും. ഇതിനായി കെമിക്കൽ പൾപ്പിംഗ് , മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റുകൾ കൂടി തയ്യാറായി വരുന്നുണ്ട്. ഇറക്കുമതി പൾപ്പ് ഒഴിവാക്കി ഈറ്റ, തടി, മുള എന്നിവയിൽ നിന്ന് പൾപ്പ് ഉൽപാദിപ്പിക്കാനാണ് ഈ പ്ലാന്‍റുകള്‍ തയ്യാറാക്കുന്നത്.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലുണ്ടായിരുന്ന 255 സ്ഥിരം തൊഴിലാളികളെ പുതിയ കന്പനിയിൽ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. പ്രവർത്തന മൂലധനമായ 75 കോടി രൂപ ഉൾപ്പെടെ 154 കോടി രൂപയാണ് കെപിപിഎല്ലിനായി കേരള സര്‍ക്കാര്‍ മുടക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിരവധി പേര്‍ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version