കുട്ടികള്‍ക്ക് മാത്രമല്ല, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും വേണം ഇനി യൂണിഫോമും ഐ.ഡി. കാര്‍ഡും, 10വർഷത്തെ പ്രവർത്തി പരിചയവും കറുപ്പും വെള്ളയും യൂണിഫോമും നിർബന്ധം

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പിന്റെ മാർഗരേഖ. സ്കൂൾ തുടക്കുന്നതിനു മുന്നോടിയായാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാണ്. വെള്ള ഷർട്ടും കറുത്തപാന്റും തിരിച്ചറിയൽ കാർഡും ധരിച്ചുവേണം ഡ്യൂട്ടിക്ക് എത്താൻ. ക്രിമിനൽ കേസുകളിൽ പ്രതികളായവരെ സ്കൂൾ വാഹനത്തിൽ ഡ്രൈവറായി നിയമിക്കരുത്.

സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളിൽ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്.
വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവർ കുട്ടികളെ സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ.
12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കുകയും പരിശോധനാ സമയത്ത് ബസപ്പെട്ട ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കുകയും വേണം.

ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം.

ഓരോ വാഹനത്തിലും ഒരധ്യാപകനോ അനദ്ധ്യാപകനോ റൂട്ട് ഓഫീസർ ആയി ഉണ്ടായിരിക്കണം. സ്കൂളിൻ്റെ പേരും ഫോൺ നമ്പറും വാഹനത്തിൻ്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിനു പിന്നിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം.
സ്കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കണം. വിശദമായ മാർഗരേഖ വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് കൈമാറും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version