NEWS

അസമില്‍  കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി

ദിസ്പൂർ: അസമില്‍ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി.26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായാണ് റിപ്പോർട്ട്.ഇതേത്തുടർന്ന് അസമിലും മേഘാലയയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മഴ ഇപ്പോഴും തുടരുകയാണ്.
 

പലയിടത്തും റോഡ്, റെയില്‍വേ ട്രാക്കുകള്‍ ഒലിച്ചുപോയി. നാല്‍പ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.അസമില്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിര്‍ത്തിവച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം സൈന്യവും, പാരാമിലിട്ടറി ഫോഴ്സും രംഗത്തുണ്ട്.

 

 

കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, കാംരൂപ് (എം), നാഗോണ്‍, നല്‍ബാരി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചിരിക്കുന്നത്.സിൽച്ചാർ റൂട്ടിലുള്ള ന്യൂ ഹഫ്ലോങ് റയിൽവെ സ്റ്റേഷൻ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നു.ഇതിനിടെ ട്രെയിന്‍ യാത്രയ്ക്കിടെ വിവിധ മേഖലകളില്‍ കുടുങ്ങിയ യാത്രക്കാരെ വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ റെയില്‍വേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഡിറ്റോക്‌ചെറ സ്റ്റേഷനില്‍ കുടുങ്ങിയ 1,245 പേരെ ബദര്‍പൂരിലേക്ക് മാറ്റി. ഇത് കൂടാതെ ഇവിടെ നിന്ന് 119 പേരെ വ്യോമസേന എയര്‍ലിഫ്റ്റിംഗിലൂടെ സില്‍ച്ചാറിലെത്തിച്ചതായും വ്യോമസേന അറിയിച്ചു.

Back to top button
error: