കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി ടേബിളില്‍ ദീപിക; അഭിമാനത്തോടെ ഇന്ത്യന്‍ ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്രോത്സവത്തിന് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

ജൂറി അംഗങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നില്‍നിന്നുള്ള ദീപികയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ഹോട്ടല്‍ മാര്‍ട്ടിനെസില്‍ നടന്ന അത്താഴവിരുന്നില്‍ മറ്റു ജൂറി അംഗങ്ങളായ ജാസ്മിന്‍ ട്രിന്‍ക്, അസ്ഗര്‍ ഫര്‍ഹാദി, റെബേക്ക ഹാള്‍, വിന്‍സെന്റ് ലിന്‍ഡര്‍ എന്നിവര്‍ക്കൊപ്പമാണ് ദീപിക പ്രത്യക്ഷപ്പെട്ടത്‌. Louis Vuitton’s Fall 2021 കളക്ഷനില്‍ നിന്നുള്ള അലങ്കാര തൊങ്ങലുകളുള്ള വസ്ത്രമാണ് ദീപിക അണിഞ്ഞിരുന്നത്. ഒപ്പം ബ്രൗണ്‍ നിറത്തിലുള്ള ഹൈ ഹീല്‍ ബൂട്ടും ധരിച്ചു. ഹെയര്‍ സ്റ്റൈലും മേക്കപ്പും സിംപിള്‍ ആയിരുന്നു.

ഇതിന് പിന്നാലെ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. ജൂറി അംഗങ്ങളുടെ ടേബിളില്‍ മധ്യത്തിലിരിക്കുന്ന ദീപിക, തന്നെ പരിചയപ്പെടുത്തിയപ്പോള്‍ സന്തോഷത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

സബ്യാസാചി ഡിസൈന്‍ ചെയ്ത ബൊഹീമിയന്‍ സ്‌റ്റൈലിലുള്ള വസ്ത്രമാണ് ചലച്ചിത്രോത്സവത്തിന്റെ ആദ്യ ദിനം ദീപിക ധരിച്ചത്. പച്ച വൂള്‍ ട്രൗസേഴ്‌സും
അതിനു ചേര്‍ന്ന ഫ്‌ളോറല്‍ പ്രിന്റുള്ള മൈസൂര്‍ സില്‍ക്ക് ഷര്‍ട്ടുമായിരുന്നു ദീപികയുടെ വേഷം. ഒപ്പം ഹെവി വര്‍ക്കുള്ള മഹാറാണി നെക്ക്‌ലെസും മുത്തുകള്‍ പതിപ്പിച്ച ഹൈ ഹീല്‍ ഷൂവുമുണ്ടായിരുന്നു.

2015-ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് താരം വിന്‍സെന്റ് ലിന്‍ഡനാണ് ജൂറി അധ്യക്ഷന്‍. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി നൂമി റാപോസ്, നടിയും തിരക്കഥാകൃത്തും നിര്‍മാതാവുമായ റെബേക്ക ഹാള്‍, ഇറ്റാലിയന്‍ നടി ജാസ്മിന്‍ ട്രിന്‍ക്, ഫ്രഞ്ച് സംവിധായകന്‍ ലാജ് ലി, അമേരിക്കന്‍ സംവിധായകന്‍ ജെഫ് നിക്കോള്‍സ്, നോര്‍വേയില്‍നിന്നുള്ള സംവിധായകന്‍ ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

മെയ് 17 മുതല്‍ മെയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72-ാമത് ഫിലിം ഫെസ്റ്റിവലില്‍ ചുവന്ന പരവതാനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ അഭിനേത്രികള്‍.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version