KeralaNEWS

ഭൂമിയിൽ കല്ലിടാൻ നടന്നവർ ആകാശത്തുകൂടി സർവെ നടത്തുന്നു; എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ജി.പി.എസ് സർവെ നടത്തിയാലും കെ റെയിലിനെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ അടയാളമായി മഞ്ഞക്കുറ്റി മ്യൂസിയത്തിൽ സൂക്ഷിക്കണം. ഭൂമിയിൽ കല്ലിടാൻ നടന്നവർ ആകാശത്തിൽ കൂടി സർവെ നടത്താൻ പോവുകയാണെന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കെ-റെയിലിന് വേണ്ടി മഞ്ഞകല്ല് ഇടില്ലെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായി വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാട്. കൗശലപൂർവം ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ കല്ലിടുന്നത്. നിയമപരമായ വഴികളിലൂടെ അല്ലാതെ വളഞ്ഞ വഴികളിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കല്ലിടുന്ന ഭൂമിയിൽ സർക്കാർ പറഞ്ഞാലും ഒരു ബാങ്കും ലോൺ കൊടുക്കില്ല. അതോടെ സാധാരണക്കാരുടെ ജീവിതം ദുസഹമാകും. അതുകൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാൽ എന്ത് എതിർപ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

കല്ലിടുന്നതിന്റെ പേരിൽ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയിൽ ചവിട്ടുകയും സ്ത്രീയെ റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലിൽ അടച്ചു. സമരക്കാർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. കല്ലിടേണ്ടെന്ന സർക്കാർ തീരുമാനം കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയിൽ നിന്നും പിൻമാറുകയാണെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്ന് മാത്രമേ ഈ സമരം പൂർണ വിജയത്തിലെത്തൂ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂമിയിൽ ഇറങ്ങാൻ പറ്റാത്തത് കൊണ്ടാണ് ജിപിഎസ് സർവേ എന്ന് പറയുന്നത്. ഇതും യുഡിഎഫ് തടയുമെന്ന് വി.ഡി സതീശൻ പറഞ്ഞു.

തൃക്കാക്കരയിൽ നടക്കുന്നത് വികസന വിരുദ്ധരും വികസനവാദികളും തമ്മിലുള്ള മത്സരമാണെന്ന് കോടിയേരിക്ക് തിരുവനന്തപുരത്തിരുന്ന് പറയാൻ കൊള്ളാം. എറണാകുളത്ത് വന്ന് പറയാൻ പറ്റില്ല. എറണാകുളം ജില്ലയിൽ ആരാണ് വികസനം നടത്തിയതെന്ന് തെളിയിക്കാൻ യു.ഡി.എഫ് വെല്ലുവിളിച്ചിരുന്നു. കണക്കുകൾ സഹിതമാണ് വെല്ലുവിളിച്ചത്. വിമാനത്താവളവും കലൂർ സ്റ്റേഡിയവും ഗോശ്രീപദ്ധതിയും മെട്രോ റെയിലുമൊക്കെ കൊണ്ടു വന്നപ്പോൾ സമരം ചെയ്തവരാണ് സി.പി.എമ്മുകാർ. എൽ.ഡി.എഫ് ഭരണകാലത്ത് ഈ ജില്ലയിൽ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാൻ കോടിയേരിക്ക് സാധിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിലേക്ക് വന്നത് പണമില്ലാത്തതിനാൽ ഒരു കാര്യവും നടത്താനാകാത്തത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

Back to top button
error: