കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണെന്ന് ഡിവൈഎഫ്ഐ

മുഖ്യമന്ത്രി പിണറായി വിജയനെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണെന്ന് ഡിവൈഎഫ്ഐ. ചിന്തൻ ശിബിരത്തിൽ വെച്ച് അസഭ്യ വർഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണം.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിൽ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തു വന്നത്. വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പിൽ നവകേരള സൃഷ്ടിക്ക് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കോൺഗ്രസ്സ് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട്.

 

ജനാധിപത്യത്തിൽ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയിൽ തമ്പടിച്ചത് കണ്ട് കെ. സുധാകരൻ വി. ഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാർത്തി നൽകാൻ പോകുന്നതെന്ന് കൂടി പറയണം.തൃക്കാക്കര കോൺഗ്രസിന് അർഹർഹപ്പെട്ടതാണെന്നും ഇടതുപക്ഷം അർഹതപ്പെടാത്തതിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നുമാണ് സുധാകരന്റെ ശുഷ്കമായ ‘ജനാധിപത്യബോധം’. നിയമ സഭാ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാൻ മുന്നിൽ നിന്ന കെ. സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റുകൾ നൽകികൊണ്ടാണ്. കെ. സുധാകരന്റെ അധമഭാഷയ്ക്ക് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുന്നത് ഇടതുപക്ഷത്ത് 100 സീറ്റുകൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version