മദ്യലഹരിയിൽ അപകടം; കട്ടപ്പന -ചങ്ങനാശ്ശേരി റൂട്ടിലെ സ്വകാര്യ ബസിന്റെ ഡ്രൈവറെ അറസ്റ്റ്‌ ചെയ്തു

കട്ടപ്പന: മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ സ്വകാര്യ ബസിനെ വഴിയില്‍ തടഞ്ഞ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന കെ ഇ മോട്ടോര്‍സ് ബസിന്റെ ഡ്രൈവറെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചു വാഹനം ഓടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കാഞ്ചിയാര്‍ പള്ളിക്കവലയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് യാത്ര പുറപ്പെട്ട ബസ് കട്ടപ്പന പള്ളി കവലയിലുള്ള ഫെഡറല്‍ ബാങ്കിന് മുന്നില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് കാറുടമ പോലീസ് അധികൃതരെ വിവരമറിയിച്ചു. ബസ്സിനെ പിന്തുടര്‍ന്ന് കാഞ്ചിയാര്‍ പള്ളിക്കവലയില്‍ വച്ച്‌ പൊലീസ് വാഹനം തടഞ്ഞ് ഡ്രൈവറെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ വീണ്ടും വാഹനം എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഡ്രൈവര്‍ പൊലീസുകാരോട് അതിക്രമം കാട്ടിയതായും അസഭ്യം പറഞ്ഞതായും അധികൃതര്‍ പറഞ്ഞു.
വൈദ്യപരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മറ്റൊരു ഡ്രൈവറെ വിളിച്ചു വരുത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത് ബസ് ഡ്രൈവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version