യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണ്. ബംഗാളില്‍ പ്രവേശനം ലഭിച്ച യുക്രൈനില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.

 

യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ, മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാന്‍ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളില്‍ പഠിക്കാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. തുടര്‍പഠനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version