IndiaNEWS

പൊതുമേഖല ബാങ്കുകളിലെ തട്ടിപ്പ് കുറയുന്നു: ആര്‍ബിഐ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കുറയുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്തരം ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ തുക 40,295.25 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കി ആര്‍ബിഐ ഇറക്കിയ റിപ്പോര്‍ട്ടാണിത്. 2020-21 സാമ്പത്തിക വര്‍ഷം 12 പൊതുമേഖലാ ബാങ്കുമായി ബന്ധപ്പെട്ട് 81,921.54 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നും മുന്‍ സാമ്പത്തികവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 51 ശതമാനം കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2020-21 സാമ്പത്തിക വര്‍ഷം 9,933 കേസുകളും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,940 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-22ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 431 തട്ടിപ്പ് കേസുകളാണുണ്ടായത്. ഇവയുമായി ബന്ധപ്പെട്ട് ആകെ 9,528.95 കോടി രൂപയാണ് നഷ്ടമുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെറിയ തുകയുടെ തട്ടിപ്പുകളാണെങ്കിലും കൂടുതല്‍ കേസുകള്‍ എസ്ബിഐയുമായി ബന്ധപ്പെട്ടാണ്. 6,932.37 കോടി രൂപയുടെ 4,192 കേസുകളാണ് എസ്ബിഐ റിപ്പോര്‍ട്ട് ചെയ്തത്. 5,923.99 കോടി രൂപയുടെ 209 കേസുകളാണ് ബാങ്ക്് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

ബാങ്ക് ഓഫ് ബറോഡയില്‍ 3,989.36 കോടി രൂപയുടെ 280 തട്ടിപ്പ് കേസുകളാണുണ്ടായത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 3,939 കോടി രൂപയുടെ 627 കേസുകളും കാനറ ബാങ്കില്‍ 3,230.18 കോടി രൂപയുടെ 90 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ബാങ്കുമായി ബന്ധപ്പെട്ട് 2,038.28 കോടി രൂപയുടെ 211 കേസുകളാണുണ്ടായത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി ബന്ധപ്പെട്ട് 1,733.80 കോടി രൂപയുടെ 312 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത്. ബാങ്ക് ഓഫ് മഹാരാഷ്ടയില്‍ ആകെ 1,139.36 കോടി രൂപയുടെ കേസും (72 എണ്ണം), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 773.37 കോടി രൂപയുടെ തട്ടിപ്പുമാണ് നടന്നത്. യൂക്കോ ബാങ്കില്‍ 611.54 കോടി രൂപയുടേയും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 455.04 കോടി രൂപയുടേയും (159 കേസുകള്‍) തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: