പൊടിക്കാറ്റ്; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു. രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കാന്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ തീരുമാനമെടുക്കുകയായിരുന്നു. കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെ തീരുമാനം ബാധിക്കും.

കുവൈത്തില്‍ തിങ്കളാഴ്‍ച അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് പൈലറ്റുമാരുടെ കാഴ്‍ച തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് വ്യോമ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എല്ലാ സര്‍വീസുകളെയും ഇത് ബാധിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

കാലാവസ്ഥ സാധാരണ നിലയിലാവുകയും വൈമാനികരുടെ കാഴ്ച തടസപ്പെടുന്ന സാഹചര്യം മാറുകയും ചെയ്യുന്നതോടെ വിമാന സര്‍വീസുകളുടെ കാര്യം പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന പൊടിക്കാറ്റാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version