Breaking News

ശമ്പളം മുടങ്ങിയതിൻ്റെ പേരിൽ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു, മാസം പകുതി പിന്നിട്ടിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

   ശമ്പളം മുടങ്ങിയതിനാൽ മകളുടെ വിവാഹത്തിന് അപേക്ഷിച്ച വായ്പ ലഭിച്ചില്ലന്ന കാരണത്താൽ കെ.എസ്.ആര്‍.ടി.സി ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. തലശ്ശേരി പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയില്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി വെന്റിലേറ്റേറിലാണ്.
തലശ്ശേരി ഡിപ്പോയിലെ 2014 ബാച്ചിലെ ഡ്രൈവറാണ് ഷാജി കക്കോത്ത്.

ഇതു വരെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. മാസം പകുതി പിന്നിട്ടിട്ടും ശമ്പളത്തിന് വേണ്ട പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വായ്പ എടുക്കുന്നതിലെ അനിശ്ചിതത്വമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ശമ്പളം എന്ന് കൊടുക്കാന്‍ കഴിയും എന്ന കാര്യത്തിലും വ്യക്തതയില്ല.

വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇടപെടുവിക്കാനുള്ള നീക്കം ഇടത് യൂണിയനുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ ശമ്പളക്കരാര്‍ പ്രകാരം എല്ലാമാസവും അഞ്ചിന് ശമ്പളം നല്‍കാമെന്നാണ് വ്യവസ്ഥ. ഇത് മാനേജ്മന്റ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങിയത്.

80 കോടിയിലേറെ രൂപയാണ് ശമ്പളം കൊടുക്കാന്‍ വേണ്ടത്. ഇതില്‍ 30 കോടി സര്‍ക്കാര്‍ സഹായമായി നല്‍കിയിട്ടുണ്ട്. ബാക്കിത്തുക കണ്ടെത്താന്‍ മാനേജ്മെന്റിന് കഴിയുന്നില്ല. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്ത് പോയിരിക്കുന്ന സിഎംഡി ഈ മാസം 19 നേ തിരിച്ചെത്തു. അതിന് ശേഷമെ വായ്പ എടുക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനമാകു.

Back to top button
error: