നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാവം തോമസ് മാഷ് എന്ത് പിഴച്ചു?

ലനാത്മകമായ രാഷ്ട്രീയ മനസ്സുകള്‍ എല്ലാ കാലത്തും ഒരേ പ്രത്യയശാസ്ത്രത്തില്‍ തന്നെ ഉറച്ചുനിന്നുകൊള്ളണമെന്നില്ല. കാലത്തിന്റെ ചലനത്തിനനുസരിച്ച്‌ അത്തരം മനസ്സുകളുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും മാറിക്കൊണ്ടിരിക്കും. ഇന്ത്യ കണ്ട ഒന്നാംനിര കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കള്‍ ഒരുകാലത്ത് കോണ്‍ഗ്രസുകാരായിരുന്നു.ഇന്ത്യന്‍ കമ്യൂണിസ്റ്റ് സായുധ വിപ്ലവ ധാരയുടെ സൈദ്ധാന്തികാചാര്യനും ജീവാത്മാവും പരമാത്മാവുമായിരുന്ന കെ. വേണു പിന്നീട് വിശാല ജനാധിപത്യവാദിയും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയും വരെ ആയി.
തോമസ് മാഷിന്റെ പ്രിയനേതാവായിരുന്ന കെ. കരുണാകരന്‍ കുറച്ചുകാലം ഇടതുമുന്നണിക്കൊപ്പം നിന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായ എസ്. രാമചന്ദ്രന്‍ പിള്ള ചെറുപ്പത്തില്‍ ആര്‍.എസ്.എസുകാരനായിരുന്നു. പിന്നെ തോമസ് മാഷിനു മാത്രം പ്രത്യയശാസ്ത്ര വ്യതിയാനം പാടില്ലെന്ന് പറയാനാവില്ലല്ലോ.

രാഷ്ട്രീയ ചേരിമാറ്റം ചിലര്‍ക്ക് ഗുണം ചെയ്യും. ചിലര്‍ക്കത് നഷ്ടമാകാറുമുണ്ട്. നേട്ടമുണ്ടാകണമെങ്കില്‍ പോകുന്ന ചേരിക്ക് എന്തെങ്കിലും ഗുണമുണ്ടാകണം. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ നിലമ്ബൂര്‍ സീറ്റ് പിടിച്ചുകൊടുത്തുകൊണ്ട് ഇടതുമുന്നണിയിലേക്ക് മാസ് എന്‍ട്രിയാണ് നടത്തിയത്.അതുകൊണ്ട് അദ്ദേഹം മന്ത്രിയും ചീഫ് വിപ്പുമൊക്കെയായി. ചരിത്രത്തിലാദ്യമായി മഞ്ചേരി ലോക്‌സഭാ സീറ്റ് എല്‍.ഡി.എഫിനു പിടിച്ചുകൊടുത്ത് വീണ്ടും കരുത്തുകാട്ടി.അതുകൊണ്ട് ഹംസ ഇപ്പോഴും സി.പി.എമ്മിന് ഏറെ വേണ്ടപ്പെട്ട നേതാവാണ്.കെ ടി ജലീലും ഇത്തരത്തിൽ ഒരാളാണ്.

തിരിച്ച്‌ എല്‍.ഡി.എഫ് ചേരി വിട്ടുവന്ന എം.വി രാഘവന്‍, കെ.ആര്‍ ഗൗരിയമ്മ എന്നിവര്‍ക്ക് യു.ഡി.എഫില്‍ മികച്ച ഇടംകിട്ടിയതും അവരുടെ മിടുക്കുകൊണ്ടാണ്.എം.വി.ആര്‍ എല്‍.ഡി.എഫിന്റെ കൈവശമായിരുന്ന അഴീക്കോട് പിടിച്ചെടുത്ത് മറുവശത്തെത്തിച്ചു.അതുപോലെ ഗൗരിയമ്മ അരൂര്‍ സീറ്റും. ഏറ്റവുമൊടുവില്‍ വടകര സീറ്റ് എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്ത കെ.കെ രമ യു.ഡി.എഫില്‍ ചേര്‍ന്നില്ലെങ്കിലും മുന്നണി അവര്‍ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നത്.

കോണ്‍ഗ്രസില്‍നിന്ന് ഒറ്റയ്ക്കു പോയ ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷത്തിലേറെ എ.കെ.ജി സെന്ററില്‍ കാത്തുകിടന്നിട്ടും കാര്യമായ പരിഗണന കിട്ടാതെ ഒടുവില്‍ ഒറ്റയ്ക്കു തന്നെ മടങ്ങി.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാത്തതിനാല്‍ കോണ്‍ഗ്രസ് വിട്ട് മറുകണ്ടം ചാടിയ പലരെയും എല്‍.ഡി.എഫ് കാര്യമായി മൈന്‍ഡ് ചെയ്യുന്നില്ല.ശരത് പവാര്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൊടുത്തതിനാല്‍ പി.സി ചാക്കോയ്ക്ക് ഇടയ്ക്ക് പത്രസമ്മേളനം നടത്താനുള്ള അവസരമെങ്കിലും കിട്ടുന്നു.

തോമസ് മാഷ് ഇതെല്ലാം സൂക്ഷിച്ചു നിരീക്ഷിക്കുന്നുണ്ടാവുമെന്നു തന്നെ കരുതാം.ഗുണം കിട്ടാത്ത ഒരിടത്തേക്കും അദ്ദേഹം പോകുമെന്ന് കരുതാനും വയ്യ . രാഷ്ട്രീയത്തില്‍ തന്റെ ആചാര്യനായ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് വേറെ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ മാഷ് കൂടെ പോകാതിരുന്നത് ആ പാര്‍ട്ടി ഗുണംപിടിക്കില്ലെന്ന് മുന്‍കൂട്ടി അറിഞ്ഞു തന്നെയാണ്.അതുതന്നെ സംഭവിച്ചു. ഇത്രയേറെ ദീര്‍ഘവീക്ഷണമുള്ള മാഷ് ഒന്നും കാണാതെ മറുകണ്ടം ചാടില്ലെന്നാണ് തൃക്കാക്കരക്കാരുടെ സംസാരം.

കേരള രാഷ്ട്രീയത്തില്‍ തന്റെ പ്രസക്തി തെളിയിക്കാന്‍ മാഷിനു കിട്ടിയ മികച്ചൊരു അവസരമാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് ജയിക്കാത്തൊരു സീറ്റാണത്.അതു പിടിച്ചുകൊടുക്കുക എന്നൊരു വെല്ലുവിളി മാഷിനു മുന്നിലുണ്ട്. ഒരു സീറ്റ് പിടിക്കാന്‍ അവിടെ മത്സരിക്കണമെന്നൊന്നുമില്ല. ജനപിന്തുണയുള്ളവരാണെങ്കില്‍ ചുമ്മാ പ്രചാരണത്തിന് ഇറങ്ങിയാലും മതി.

 

 

കനത്ത ജനപിന്തുണയുള്ളയാളും എറണാകുളം ജില്ലക്കാരനുമായ മാഷ് തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ വന്‍തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടത്തോട്ടു മറിയുമെന്നും മണ്ഡലം ചുവക്കുമെന്നുമൊക്കെ പലരും പറഞ്ഞുനടക്കുന്നുണ്ട്.അങ്ങനെ സംഭവിച്ചാല്‍ എല്‍.ഡി.എഫില്‍ മാഷ് പുലിയായി മാറും.മുന്നണിക്ക് ഇനിയും തുടര്‍ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിക്കു തൊട്ടുതാഴെയുള്ള രണ്ടാമന്‍ മന്ത്രി തന്നെയെങ്കിലുമാകും.മുഖ്യമന്ത്രി തന്നെയായാലും അത്ഭുതപ്പെടേണ്ടതില്ല. ഇനി അതല്ല മാഷിന്റെ സേവനം ഡല്‍ഹിയിലാണ് വേണ്ടതെന്ന് സി.പി.എമ്മിനു തോന്നിയാല്‍ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും.
മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍… മാഷാ അല്ലാഹ്.അല്ലാതെന്തുപറയാൻ !!

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version