KeralaNEWS

നിക്ഷേപകരുടെ തല്ലു കൊള്ളാതിരിക്കാൻ മാറി നിന്നതാണ് മുങ്ങിയതല്ലെന്ന് കേച്ചരി ചിറ്റ്‌സ് ഉടമ വേണുഗോപാല്‍, കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചതാണ് നഷ്ടം വന്നതെന്ന് വിചിത്രവാദം

പുനലൂര്‍: നിക്ഷേപകരുടെ1300 കോടി കബളിപ്പിച്ച് മുങ്ങിയ വാര്‍ത്ത പരക്കുന്നതിനിടെ വിശദീകരണ വീഡിയോയുമായി കേച്ചേരി ചിട്ട്‌സ് ഉടമ വേണുഗോപാല്‍ രംഗത്ത്. നോട്ടു നിരോധനം മുതല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി മഹാപ്രളയവും കോവിഡും രൂക്ഷമാക്കിയെന്നും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ നിൽക്കകള്ളിയില്ലാതെ നാടുവിട്ടതാണെന്നും വേണുഗോപാല്‍ പറയുന്നു.

ആരുടെയും പണം പോകില്ല. തന്റെ വസ്തുവകകള്‍ വിറ്റ് പണം നല്‍കും. പക്ഷേ, അതിന് കുറച്ച് കാലതാമസം നേരിടും. നിക്ഷേപകര്‍ തടഞ്ഞു വച്ച് മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് മാറി നില്‍ക്കുന്നത്. താന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചു കൂടെ കൊണ്ടു നടന്ന ജീവനക്കാരനാണ് തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം അഴിച്ചു വിട്ടത്. ഇതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തിയത്. തന്റെ ഭാര്യയും മക്കളും ഇക്കാര്യത്തിൽ നിരപരാധികളാണ്. കുടുംബത്തിന് സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു ബന്ധവുമില്ല.

ചിട്ടി എന്താണെന്ന് പോലും ഭാര്യയ്ക്കും മകനും അറിയില്ല. ഒപ്പം നടന്നിരുന്നയാള്‍ ഇങ്ങനെ ഒരു ചതി ചെയ്തതില്‍ വിഷമമുണ്ട്. എന്നു വച്ച് അയാളോട് യാതൊരു വിരോധവും ഇല്ലെന്നും കാര്യറ സ്വദേശിയായ വേണുഗോപാല്‍ പറയുന്നു.

നിക്ഷേപകരില്‍ നിന്ന് നിക്ഷേപമായും ചിട്ടിയായും 1300 കോടി രൂപ പിരിച്ചെടുത്തു കൊണ്ടാണ് കേച്ചരി ചിറ്റ്‌സ് ഉടമയും കുടുംബവും സഹായികളും മേയ് ഒന്നിന് മുങ്ങിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വേണുഗോപാല്‍ രംഗത്തു വന്നിരിക്കുന്നത്.
ചിട്ടിതട്ടിപ്പിനും നിക്ഷേപ തട്ടിപ്പിനുമെതിരേ പുനലൂര്‍ സ്‌റ്റേഷനില്‍ നിരവധി പരാതികള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം കാരണം കേസെടുത്തിട്ടില്ല.

നിക്ഷേപങ്ങള്‍ക്ക് 15 മുതല്‍ 18 ശതമാനം വരെ പലിശ നല്‍കിയിരുന്നു എന്നാണ് വേണുഗോപാലിന്റെ കുമ്പസാരം. 1300 കോടിയുടെ ബാധ്യത ഒന്നുമില്ല. തനിക്കുളള വസ്തുവകകള്‍ വിറ്റാല്‍ തീരാവുന്ന ബാധ്യത മാത്രമേ ഇപ്പോഴുള്ളൂ. അതിന് പക്ഷേ കാലതാമസം വേണ്ടി വരും. അതു വരെ നിക്ഷേപകര്‍ സഹകരിക്കണമെന്നും വേണുഗോപാൽ അഭ്യര്‍ഥിക്കുന്നു. 1300 കോടിയുമായിട്ടാണ് താന്‍ മുങ്ങിയതെന്ന പ്രചാരണവും ഇയാള്‍ നിഷേധിക്കുന്നു. മുന്നൂറ് കോടിയുടെ ആസ്തി പോലും തനിക്കില്ല. ചെറിയൊരു കുറിച്ചിട്ടിയുമായി തുടങ്ങിയതാണ്. പിന്നീടാണ് കമ്പനിയായി വളര്‍ന്നത്. മൂന്നു ജില്ലകളില്‍ ശാഖകളുണ്ട്. വസ്തു വകകളുമുണ്ട്.

നോട്ടു നിരോധനമാണ് കമ്പനിയുടെ തകര്‍ച്ചയുടെ തുടക്കമെന്ന വിചിത്രമായ കാരണമാണ് വേണുഗോപാല്‍ പറയുന്നത്. 2018 ലെ മഹാപ്രളയവും ബാധിച്ചുവത്രേ. മറ്റൊരു പ്രധാന കാരണമായി പറയുന്നത് കോവിഡാണ്. കോവിഡ് കാലത്ത് ചിട്ടിയുടെ അടവ് മുടങ്ങി. സ്വര്‍ണപ്പണയത്തിലുളള പലിശ കിട്ടാതെ പോയി.
ഏറ്റവും വിചിത്രമായ മറ്റൊരുകാരണം പറയുന്നത്,  ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിച്ചാണത്രേ സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണമെന്ന്….! ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ നിക്ഷേപകര്‍ക്ക് പണത്തിന് അത്യാവശ്യം വരികയും രണ്ടര വര്‍ഷത്തോളമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അവര്‍ നിക്ഷേപം പിന്‍വലിക്കാനെത്തുകയും ചെയ്തു. ഇതു വരെ പലിശ പിന്‍വലിക്കാതിരുന്നവര്‍ ഒറ്റ ഗഡുവായി അത് ആവശ്യപ്പെട്ടു. കുറച്ച് സ്വത്തുക്കള്‍ പണയം വച്ച് ഒരു കോടിയോളം അവര്‍ക്ക് നല്‍കി. ശേഷിച്ചത് പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ലോണെടുക്കാന്‍ ശ്രമിച്ചു. സ്ഥാപനം പൊട്ടിയെന്ന വാര്‍ത്ത പരന്നതു കൊണ്ടാകാം ലോൺ കിട്ടിയില്ല. ഒരു തോട്ടം വില്‍ക്കാന്‍ ശ്രമിച്ചു. അതിന് നാലിലൊന്ന് വില പോലും പറഞ്ഞില്ല. സാഹചര്യം മുതലെടുക്കുകയായിരുന്നു പലരും.

ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് നിക്ഷേപകര്‍ തന്നെ ബന്ദിയാക്കി പണം വാങ്ങാന്‍ സാധ്യതയുണ്ടെന്ന വിവരം കിട്ടിയത്. ഇതോടെയാണ് വീടു പൂട്ടി നാടുവിടേണ്ടി വന്നു. യാത്രാച്ചെലവിന് പോലും പണമുണ്ടായിരുന്നില്ല. ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങിയാണ് പോയത്. താനൊരാളെയും പറ്റിക്കില്ല. നാട്ടുകാരെ പറ്റിച്ച പണം കൊണ്ട് ഒരിക്കലും സുഖമായി ജീവിക്കാന്‍ കഴിയില്ല. ഓഫീസിലേക്ക് തിരികെ എത്തണമെന്ന് സുഹൃത്തുക്കളും ജീവനക്കാരും പറഞ്ഞു. ഇതിന്‍ പ്രകാരം തിരികെ വരുന്ന വഴിയാണ് താന്‍ മുങ്ങിയെന്ന വാര്‍ത്ത പരന്നതായി അറിഞ്ഞത്. ഈ സാഹചര്യത്തില്‍ മടങ്ങിയെത്തുന്നത് സുരക്ഷിതമാകില്ലെന്ന് കണ്ടാണ് വീണ്ടും ഒളിവില്‍ കഴിയേണ്ടി വരുന്നത്.

90 ശതമാനം നിക്ഷേപകരും തനിക്കൊപ്പമുണ്ട്. ശേഷിച്ച 10 ശതമാനമാണ് കുഴപ്പമുണ്ടാക്കുന്നത്. ഒരാളുടെയും പണം നഷ്ടമാകില്ല. ഇനി നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ താന്‍ തയാറാണെന്നും വേണുഗോപാല്‍ പറയുന്നു.

Back to top button
error: