NEWS

ഗോകുലം കേരള ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ

കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം ഐലീഗ് കിരീട നേട്ടത്തോടെ ഇന്ത്യന്‍ ഫുട്ബോളില്‍ പുതുചരിത്രം കുറിച്ച്‌ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി.ശനിയാഴ്ച നടന്ന അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം തുടര്‍ച്ചയായ രണ്ടാം ഐലീഗ് കിരീടം പേരില്‍ കുറിച്ചത്.

നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോള്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്ബോള്‍ ലീഗ് 2007-ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലത്തിന് സ്വന്തമായി.

ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടതോടെയാണ് ഗോകുലത്തെ മലയാളികള്‍ നെഞ്ചേറ്റാന്‍ തുടങ്ങിയത്. കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ചരിത്രം കുറിച്ചാണ് ഗോകുലം 2019 ഓഗസ്റ്റ് 24 ന് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. 22 വര്‍ഷത്തിനുശേഷമായിരുന്നു ഗോകുലം അന്ന് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തിച്ചത്. 1997-ല്‍ എഫ്.സി കൊച്ചിനായിരുന്നു ആദ്യമായും അവസാനമായും ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്നത്.

 

 

അടുത്ത സീസൺ മുതൽ ഐ ലീഗ് ജേതാക്കളെ ഐഎസ്എല്ലിലേക്ക് പരിഗണിക്കുന്ന കാര്യത്തിൽ ചർച്ച നടന്നുവരികയാണ്.അങ്ങനെയെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഗോകുലം എഫ്സിയും ഉണ്ടാകും കേരളത്തിൽ നിന്നും ഐഎസ്എൽ ടൂർണമെന്റിലേക്ക്.

Back to top button
error: