NEWS

കേരളത്തിലെ മണ്‍സൂണ്‍ ടൂറിസം

വേനലിൽ മൗനമായി ഒഴുകിയിരുന്ന നീർച്ചാലുകൾക്കെല്ലാം ജീവൻ വെച്ചിരിക്കുന്നു.വരണ്ട് വിണ്ടുകീറി കിടന്നിരുന്ന പാടങ്ങളിലെ മുറിപ്പാടുകൾ മഴവെള്ളം അലിയിച്ച് കളഞ്ഞിരിക്കുന്നു.കടുത്ത വേനലിൽ നരച്ചു വാർദ്ധക്യം വന്നതുപോലെ നിന്നിരുന്ന പ്രകൃതി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു.കുഞ്ഞൻ വൈറസുണ്ടാക്കിയ പ്രതിസന്ധികൾക്കിടയിലെ പെരുമഴ പെയ്‌ത്തിനിടയിലും ജീവിതം പച്ച പിടിപ്പിക്കാൻ അധ്വാനിക്കുന്നവർ.കേരളം മറ്റൊരു മഴക്കാലത്തെ വരവേൽക്കുമ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മൺസൂൺ ടൂറിസത്തിനും ചിറക് മുളയ്ക്കുകയാണ്.
ഇടവമാസത്തിന്റെ പകുതിയില്‍(ഇടവപ്പാതി) എത്താറുള്ള കേരളത്തിന്റെ സ്വന്തം കാലവര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നാണ് വിളിക്കാറുള്ളത്.ഈ വര്‍ഷം മഴ ചീറിയെത്താന്‍ ഇനി അധിക ദിവസം വേണ്ട.വേനല്‍മഴ കഴിഞ്ഞ് വരുന്ന കനത്ത കാലവര്‍ഷപ്പെയ്ത്ത് വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.

യാത്ര പോകാൻ മഴയെ കാത്തുനിൽക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങളുണ്ട് നഗരത്തിൽ.കുടുംബങ്ങളുണ്ട് വിദേശങ്ങളിൽ.വേനലിൽ വെന്തുരുകിയിരിക്കുമ്പോൾ പെയ്തുവീഴുന്നൊരു മഴത്തുള്ളി. അതൊഴുക്കുന്ന ആഹ്ലാദം ചെറുതല്ല.കുട കരുതിയവർപോലും അതു നിവർത്താതെ മനസ്സു നിറയുവോളം മഴ നനയും.മഴ നനഞ്ഞ്, അതിലലിഞ്ഞുള്ള നടത്തം.കേരളത്തിലെ മഴയെ നെഞ്ചോടു ചേർക്കുന്നവരാണ് മലയാളികളെക്കാളും മറുനാട്ടുകാർ.നിലയ്ക്കാതെ പെയ്യുന്ന മഴയും ഒഴുകാതെ പൊങ്ങുന്ന വെള്ളവും നഗരവാസികൾ ഭയപ്പെടുന്നുണ്ടെങ്കിലും പൊതുവെ കേരളത്തിലെ കാലവർഷം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്.
മഴയിൽ വഴിയോരത്തെ ചെറുകടകളിൽ കറുമുറാ കടിക്കാവുന്ന പലഹാരങ്ങൾ അതിഥികളെ കാത്തിരിക്കുന്നതു കാണാം.ആവി പറക്കുന്ന കട്ടിങ് മസാല ചായക്കടകൾക്കു ചുറ്റും കാണാം ആൾക്കൂട്ടം.മഴ ഇങ്ങനെയാണ് വലിപ്പച്ചെറുപ്പമില്ലാതെ ജീവിതങ്ങളിൽ പച്ചപ്പ് പടർത്തുന്നത്.
പച്ചപ്പും ഭക്ഷണവുമാണ് കേരളത്തിന്റെ മുഖ്യ ആകർഷണം.പാറക്കൂട്ടങ്ങളിൽ നിന്നു കുത്തിയൊലിച്ചുവന്ന് പൊട്ടിച്ചിതറുന്ന വെള്ളത്തുള്ളികൾ… മുഖത്തു പാറിത്തെറിക്കുന്ന ആ വെള്ളത്തുള്ളിയിലുണ്ട് ഈ നാടിന്റെ സൗന്ദര്യം. പച്ച പുതച്ചുകിടക്കുന്ന കൂറ്റൻ മലനിരകൾ, പാറക്കൂട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ… മഴയിൽ പ്രകൃതിയുടെ മടിത്തട്ടിലൂടെ ആസ്വദിച്ച് യാത്ര ചെയ്തു മടങ്ങുന്നതുപോലും രസമുള്ള അനുഭൂതി.
മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും.പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി.മഴയുടെ പിന്നണിയിൽ നിറഭേദങ്ങളോടെ…..

മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.കേരളം അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്. വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ യാത്രികനുമുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ….

Back to top button
error: