NEWS

കെ-ഫോൺ എത്തും കേരളം കുതിക്കും

തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ ഇൻഫോ പാർക്കിലാണ്‌ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക്ക്‌ ഓപ്പറേഷൻ സെന്റർ (എൻഒസി) സ്ഥാപിച്ചിരിക്കുന്നത്
 
കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുകയാണ്.ഗാർഹിക ഉപഭോക്താക്കൾക്ക് കെ-ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.സൗജന്യ കണക്ഷനുകൾക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നൽകുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു.  സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും കെ-ഫോൺ നെറ്റ്‌വർക്ക് നൽകും.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ-ഫോൺ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇൻ്റർനെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും കെ-ഫോൺ പോലെയുള്ള ഒരു വൻകിട പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്.
52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ആവശ്യമായ കെ-ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ ഇൻഫോ പാർക്കിലാണ്‌ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക്ക്‌ ഓപ്പറേഷൻ സെന്റർ (എൻഒസി) സ്ഥാപിച്ചിരിക്കുന്നത്. കെ-ഫോൺ പദ്ധതി പൂർത്തിയാകുന്നതോടെ സാമ്പത്തികമായ വേർതിരിവുകൾ മറികടന്ന് ഇൻ്റർനെറ്റ് സേവനം എല്ലാ കുടുംബങ്ങൾക്കും നൽകാൻ സാധിക്കും. വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴിൽ മേഖലയിലും സർവ്വോപരി നാടിൻ്റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കെ-ഫോണിനു കഴിയുമെന്നത് സുനിശ്ചിതമാണ്.
കേരളത്തെ ഒന്നാമതെത്തിക്കുന്ന പല പദ്ധതികളിൽ തിളങ്ങുന്ന ഒന്നായി കെ ഫോൺ മാറാൻ പോവുകയാണ്. എല്ലാ മേഖലകളിലും ഇന്റർനെറ്റ് ബന്ധം ഉള്ള നാടായി നമ്മുടെ സംസ്ഥാനം മാറുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്ന സർവ്വതല സ്പർശിയായ സമഗ്ര വികസനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുക.
✳ 2022 ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരം കെ ഫോൺ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂർത്തീകരിക്കാൻ കഴിഞ്ഞു.
✳  8551 കി.മീ വരുന്ന ബാക്ബോൺ നെറ്റ്‌വർക്കിൽ 5333 കി.മീ പൂർത്തിയായി.
✳ ആക്സസ് നെറ്റ്‌വർക്കിൽ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതിൽ 14133 കി.മീ പൂർത്തീകരിച്ചു.
✳ 30000  ഓഫീസുകളിൽ 17891 എണ്ണം പൂർത്തിയായി.
✳ 376  പോയിൻ്റ് ഓഫ് പ്രസൻസ് നോഡുകളിൽ (PoP) 118 എണ്ണം പൂർത്തീകരിച്ചു.
✳ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെൻ്ററിൻ്റെ നിർമ്മാണം പൂർണ്ണമായും കഴിഞ്ഞു.
✳ ആദ്യഘട്ടത്തിൽ  ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എൽ കുടുംബങ്ങൾക്ക് കണക്ഷൻ.
✳ സെക്കൻ്റിൽ 10 മുതൽ 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും.
#kfon #kerala

Back to top button
error: