വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും

വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. കേസിൽ ഭർത്താവ് മെഹനാസിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മെഹ്നാസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പാവണ്ടൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇൻക്വസ്റ്റിൽ കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു.

 

ഇത് മർദനമേറ്റാണോ എന്ന് പോസ്റ്റ്മാർട്ട റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഫോറൻസിക് വിഭാഗം റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതുൾപ്പടെ കണ്ടെത്തുന്നതിനായാണ് രാസപരിശോധന.ഈ രണ്ട് റിപ്പോർട്ടുകളും ലഭിച്ചതിന് ശേഷമാകും റിഫയുടെ മരണം ആത്മഹത്യയാണോ എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം കടക്കുക. നിലവിൽ റിഫയുടെ മരണത്തിൽ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ, ശാരീരികവും മാനസികവുമായി ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

 

മെഹ്നാസിനെ അന്വേഷണ സംഘം പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. മെഹ്നാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വൈകാതെ മെഹനാസിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version