BusinessTRENDING

20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍, ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധം

പാന്‍, ആധാര്‍ കൈവശമില്ലാത്തവര്‍ക്ക് വലിയ ബാങ്ക് ഇടപാടുകള്‍ ഇനി പ്രയാസമാകും. 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും പാന്‍, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) പുറത്തിറക്കി.

ഉയര്‍ന്ന തുകയ്ക്ക് നിലവില്‍ ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതല്‍ ആധാറോ പാന്‍ കാര്‍ഡോ ഇല്ലാതെ ഇടപാടുകള്‍ നടന്നാല്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍നിന്ന് 20 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍, ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.

കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകമാണ്. 20 ലക്ഷത്തിന് മുകളിലെ ഇടപാടുകള്‍ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനോ ഡയറക്ടര്‍ ജനറലിനോ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പു വരുത്താതെ ഇടപാടുകള്‍ക്ക് അനുമതി ലഭിക്കില്ല.

Back to top button
error: